സംഘർഷവുമായി ബന്ധപ്പെട്ട് ആറു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടി.
കോഴിക്കോട് നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടി. മുഹമ്മദ് ഷഫീഖ്, അബ്ദുൾ ലത്തീഫ്, റഹീസ്, ആഷിക്, മുഹമ്മദ്, റാഷിദ് എന്നിവരാണ് പിടിയിലായത്. മൈസൂരിലേക്കുള്ള യാത്രാമധ്യേ വയനാട് പനമരത്ത് വെച്ചാണ് ഇവർ പിടിയിലായത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയുന്ന അൻപത് പേർക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാദാപുരം തെരുവൻപറമ്പിലെ ചീയൂർ എംഎൽപി സ്‌കൂളിന് മുന്നിൽ സംഘർഷമുണ്ടായത്. പോളിംഗ് ബൂത്തിന് മുൻപിൽ കൂട്ടം കൂടി നിന്ന യൂത്ത് ലീഗ് പ്രവർത്തകരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസിനെ കയ്യേറ്റം ചെയ്ത പ്രവർത്തകർ 2 പൊലീസ് ജീപ്പുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. ആക്രമണത്തിൽ എസ്‌ഐ ശ്രീജേഷിനും മൂന്ന് പൊലീസുകാർക്കും ഏതാനും പ്രവർത്തകർക്കും പരുക്കേറ്റിരുന്നു. തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രവർത്തകരെ ഒഴിപ്പിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ആറ് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടിയത്.