നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണൻ അന്തരിച്ചു
മാനന്തവാടി: നക്സലൈറ്റ് പ്രസ്ഥാന നേതാവ് മാനന്തവാടി വാളാട് കുന്നേല്‍ കൃഷ്ണൻ ( 85) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം.തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണൻ 1948 ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വളാട്ടെത്തുന്നത്. മാനന്തവാടി ഹൈസ്കൂള്‍ പഠനകാലത്ത് കെ.എസ്.എഫില്‍ ചേർന്ന് സഖാവ് എ. വർഗീസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. 1960 കളുടെ ഒടുവില്‍ സി.പി.എം പിളർന്നപ്പോള്‍ നക്സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണൻ അന്ത്യംവരെ നക്സല്‍ബാരിയുടെ രാഷ്ട്രീയ പാത പിന്തുടർന്നു.
പഠനം കഴിഞ്ഞ് തൊഴില്‍ അന്വേഷിച്ച് കേരളം വിട്ട് ഡല്‍ഹിയിലേക്ക് പോയെങ്കിലും വർഗീസിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്ന സമരങ്ങളെ തുടർന്ന് അദ്ദേഹം വയനാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും വർഗീസ് രക്തസാക്ഷിയായിരുന്നു. തുടർന്ന് വയനാട്ടില്‍ സി.പി.ഐ(എം.എല്‍) പ്രവർത്തനത്തില്‍ അദ്ദേഹം സജീവമായി.
അടിയന്തരാവസ്ഥയില്‍ നക്സലൈറ്റ് നേതാവ് കെ. വേണു ദീർഘകാലം ഒളിവില്‍ കഴിഞ്ഞത് കൃഷ്ണന്റെ വീട്ടിലാണ്. കെ വേണുവിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ അക്രമണത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ ദീർഘകാലം ജയിലിലായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം സംസ്ഥാനത്ത് നടന്ന നക്സലൈറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണൻ നേതൃപരമായ പങ്ക് വഹിച്ചു. ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് നടന്ന കേണിച്ചിറ മത്തായിയെ ഉന്മൂലനം ചെയ്ത സമരത്തില്‍ പ്രതിയായി. ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് നക്സലൈറ്റുകളുടെ സമ്മേളനം നടന്നത് (വാളാട് ക്യാമ്ബ്) കൃഷ്ണന്റെ വീടിന് സമീപമാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇക്കാലത്ത് അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു.
1987ല്‍ സി.പി.ഐ (എം.എല്‍) പാർട്ടി പിളർന്നതിനെ തുടർന്ന് റെഡ് ഫ്ലാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ അംഗമായി. വർഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായും കൃഷ്ണൻ ചുമതല വഹിച്ചിരുന്നു.
ഭാര്യ: കനക. മക്കള്‍: അജിത് കുമാർ (കെ.എസ്.ആർ.ടി.സി കാസർകോട്), അനൂപ് കുമാർ (ബംഗളൂരു), അനിഷ്യ അരുണ്‍കുമാർ (മൈസൂർ), അനീഷ് കുമാർ (സൗദി). മരുമക്കള്‍: ബിന്ദു, ഹർഷ (നേഴ്സ്, ബംഗളൂരു) ചാർളി ചാക്കോ (ചെന്നൈ), സൗപർണിക, അബ്ജു (എറണാകുളം),
സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വാളാട് വീട്ടില്‍.