ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്‌എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2022ലെ കണക്കുകളെ അപേക്ഷിച്ച്‌ 2023ല്‍ ഗോള്‍ഡന്‍ വില ലഭിച്ചവരുടെ എണ്ണം ഇരട്ടിയായതായി ജിഡിആര്‍എഫ്‌എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

2022ല്‍ ആകെ വിസ നേടിയവരുടെ എണ്ണം 79,617 ആയിരുന്നു. 2021ല്‍ ഇത് 47,150 ആയിരുന്നു. ഓരോ വര്‍ഷവും ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങള്‍, ഉന്നത വിജയികളായ വിദ്യാർഥികള്‍, പ്രോപർട്ടി മേഖലയിലെ നിക്ഷേപകർ തുടങ്ങി നിശ്ചിത രംഗങ്ങളിലുള്ളവർക്കാണ് 10 വർഷ കാലാവധിയുള്ള വിസ അനുവദിക്കുന്നത്.

സ്വദേശിവത്കരണ നിയമലംഘനം; 1,370 സ്വകാര്യ കമ്ബനികള്‍ക്ക് പിഴ

അബുദാബി: യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്.

സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്വകാര്യ കമ്ബനികള്‍ക്ക് പിഴ ചുമത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്ബനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ന്‍റെ പകുതി മുതല്‍ 2024 മെയ് 16 വരെയുള്ള അവലോകന കാലയളവില്‍ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. ഈ 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്ബനികളെയും പരിശോധനാ സംഘം വിജയകരമായി തിരിച്ചറിയുകയായിരുന്നു.

ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്ബനികള്‍ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 600590000 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ അറിയിക്കണം. സ്വദേശിവത്കരണ നയങ്ങളുമായി ബന്ധപ്പെട്ട് ഏത് രീതിയിലുള്ള തർക്കങ്ങളും റിപ്പോർട്ട് ചെയ്യാം. മന്ത്രാലയത്തിന്‍റെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്സൈറ്റിലൂടെയും പരാതി സമർപ്പിക്കാം. അമ്ബതിലകം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2024 ജൂണ്‍ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിയമം. നാഫിസ് പദ്ധതി നടപ്പിലാക്കിയ ശേഷം 2021 മുതല്‍ ഇതുവരെ സ്വദേശിവത്കരണത്തില്‍ 170 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.