അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടു; മഴ തുടരും

കോഴിക്കോട്: തെക്ക്-കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയും കാറ്റോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. മേയ് 25ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടർന്ന് മേയ് 25ന് വൈകുന്നേരത്തോടെ വീണ്ടും ശക്തിപ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത. തുടർന്ന് മേയ് 26നു രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.