ഓണ്‍ലൈൻ പര്‍ച്ചേസ് മാതൃകയില്‍ കഞ്ചാവ് വില്‍പന; ‘റോളക്സി’ലെ രണ്ടുപേര്‍ പിടിയില്‍
വണ്ടൂർ: ഓണ്‍ലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ ‘റോളക്സ്’ സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍.എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തില്‍ ഒരാളെ വണ്ടൂരിലും മറ്റൊരാളെ തിരൂരിലും അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ നെല്ലാകോട്ട സ്വദേശി നൂർമഹല്‍ വീട്ടില്‍ നൗഫല്‍ അബൂബക്കർ, എടക്കര സ്വദേശി പുതുവായ് വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഉപഭോക്താക്കള്‍ ക്യൂ.ആർ കോഡ് സ്കാൻചെയ്ത് പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചുനല്‍കുമ്ബോള്‍ ഇതേ വാട്സ്‌ആപ്പ് നമ്ബറില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും അറിയിക്കും. കൃത്യസമയത്ത് പറഞ്ഞ അളവിലുള്ള മയക്കുമരുന്ന് എത്തിച്ചുനല്‍കും. ആർക്കാണോ പണം അയച്ചുകൊടുത്തതെന്നോ ആരാണോ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് എന്നോ ഉപഭോക്താക്കള്‍ക്ക് ഒരു അറിവുമില്ല.
വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്ബർ ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. കാളികാവ്, പാണ്ടിക്കാട്, നിലമ്ബൂർ, വണ്ടൂർ മേഖലകളില്‍ വ്യാപകമായി ഓണ്‍ലൈൻ വില്‍പന തകൃതിയായതോടെയാണ് എക്സൈസ് രംഗത്തിറങ്ങിയത്.
വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം വിതരണത്തിനെത്തിയ നൗഫല്‍ അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് വിവരം ലഭിച്ചത്. തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്സിലാണ് കഞ്ചാവ് സൂക്ഷിച്ചതെന്നും മറ്റു സംഘാംഗങ്ങള്‍ അവിടെ ഇരുന്നാണ് ആവശ്യക്കാരെ ഡീല്‍ ചെയ്യുന്നത് എന്നും മനസ്സിലാക്കി.
തുടർന്ന് എക്സൈസ് സംഘം പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി സംഘത്തിലെ റോളക്സ് വാട്സ് ആപ് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും അഞ്ച് കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
സംഘത്തിലെ മയക്കുമരുന്ന് എത്തിക്കുകയും പണമിടപാട് നടത്തുകയും ചെയ്ത തൊടുപുഴ സ്വദേശി രാഹുല്‍ എന്ന സനീഷ് രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടർ, മൊബൈല്‍ ഫോണുകള്‍, ബാങ്ക് അക്കൗണ്ട്, പാസ്ബുക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എക്‌സൈസ് ഇൻസ്പെക്ടർ എൻ. നൗഫല്‍ അറിയിച്ചു. കാളികാവ് എക്സൈസ് റേഞ്ച് ഓഫിസിലെ ഗ്രേഡ് പ്രിവന്റിവ് ഓഫിസറും ഉത്തരമേഖല കമീഷണർ സ്ക്വാഡ് അംഗവുമായ കെ.എസ്. അരുണ്‍കുമാർ, സിവില്‍ എക്സൈസ് ഓഫിസർമാരായ കെ.വി. വിപിൻ, മുഹമ്മദ് അഫ്സല്‍, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.