തമിഴ്നാട് ട്രാൻസ്പോര്‍ട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കള്‍ തെറിച്ച്‌ വീണു; അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം: ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.നാഗർകോവില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്. കരകുളം സ്വദേശിയായ അരുണ്‍ (29), പാപ്പനംകോട് സ്വദേശി രമേഷ് (29) എന്നിവർ അത്ഭുതകരമായി വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു.

ബൈക്ക് യാത്രികർ തൊട്ടുമുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിന്‍റെ മുന്നിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ് ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് നെയ്യാറ്റിൻകര ഫയർഫോഴ്സും, പൊലീസും എത്തിയാണ് ബൈക്ക് യാത്രികരെ ബസ്സിനടിയില്‍ നിന്നും പുറത്തെത്തിച്ചത്. ഇരുവരെയും നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. രണ്ടാള്‍ക്കും സാരമായ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.