നികുതി അടക്കാത്ത 16 ബാറുകളുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി, ഡ്രൈ ഡേ പിൻവലിക്കല്‍ ചര്‍ച്ച നടന്നിട്ടില്ല: മന്ത്രി
തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈ ഡേ പിൻവലിക്കാൻ പോകുന്നു എന്നതരത്തില്‍ എല്ലാകാലത്തും വാർത്തകള്‍ വരാറുണ്ട്. കഴിഞ്ഞ വർഷം മദ്യനയം പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിൻവലിക്കാൻ പോകുന്നു എന്നതരത്തില്‍ വാർത്ത വന്നിരുന്നു. ഈ സർക്കാർ ഡ്രൈ ഡേ പിൻവലിച്ചിട്ടില്ല, അതേക്കുറിച്ച് ചർച്ചയും നടത്തിയിട്ടില്ല.
മാർച്ചില്‍ മാത്രം 3.05 കോടിയുടെ ടേണ്‍ ഓവർ ടാക്സ് തട്ടിപ്പ് പിടിച്ചു. കഴിഞ്ഞ ബജറ്റില്‍ നികുതി കുടിശ്ശികയുള്ള ബാക്കി എല്ലാവർക്കും ഇളവോടെ ഒറ്റത്തവണ തീർപ്പാക്കാനുള്ള ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചപ്പോള്‍ ഈ സർക്കാർ പ്രഖ്യാപിച്ചത് ബാറുടമകള്‍ക്ക് മാത്രം ഇളവോടെ ഒറ്റത്തവണ തീർപ്പാക്കല്‍ ഇല്ല എന്നാണ്. ഇത് അസാമാന്യ ധൈര്യമുള്ള ഒരു സർക്കാരിനേ കഴിയൂ. കുടിശ്ശിക അടക്കാത്തവർക്ക് എതിരെ ജപ്തി നടപടികളും സ്വീകരിച്ചു. നികുതി അടക്കാത്ത 16 ബാറുകളുടെ ജി എസ് ടി രജിസ്ട്രേഷൻ റദ്ദാക്കി. പന്ത്രണ്ടര മണിക്കൂറായിരുന്ന ബാർ പ്രവർത്തന സമയം പന്ത്രണ്ടാക്കി കുറക്കുകയാണ് ഈ സർക്കാർ ചെയ്തത്. പച്ചക്കള്ളം കൊണ്ട് കെട്ടിപ്പടുത്തതാണ് ഇപ്പോഴത്തെ ബാർ കോഴ വിവാദമെന്നും മന്ത്രി പറഞ്ഞു.
ടൂറിസവും മദ്യവ്യവസായവും തമ്മില്‍ എക്കാലത്തും ബന്ധമുണ്ടെന്നും അബ്കാരി ചട്ടങ്ങളില്‍ തന്നെ ഇത് പറയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാർ ലൈസൻസ് അനുവദിക്കുന്നത് കേന്ദ്ര ടൂറിസം വകുപ്പ് നല്‍കുന്ന സ്റ്റാർ പദവിക്കനുസരിച്ചാണ്. ഈ സ്റ്റാർ പദവിയുടെയും എക്സൈസ് വകുപ്പ് നടത്തുന്ന പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ബാറുകള്‍ക്ക് ലൈസൻസ് അനുവദിക്കുന്നത്. ടൂറിസം പ്രൊമോഷന് വേണ്ടിയാണ് ബാർ ലൈസൻസ് അനുവദിക്കുന്നത് എന്നാണ് വിദേശമദ്യ ചട്ടത്തില്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.