നെതര്‍ലന്‍ഡ്സിന് പണികിട്ടി; നിര്‍ണായക പോരില്‍ ബംഗ്ലാ കടുവകളുടെ ജയഭേരി
കിംഗ്സ്ടൗണ്‍: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ബംഗ്ലാദേശിന് 25 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.ബംഗ്ലാദേശിന്റെ 159 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സിന് നിശ്ചിത 20 ഓവറില്‍ 134-8 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് കളിയിലെ താരം. ജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ 8 സാധ്യത സജീവമാക്കി.
മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്സിനായി 22 പന്തില്‍ 33 റണ്‍സ് നേടിയ സൈബ്രാന്‍ഡാണ് ടോപ് സ്കോറര്‍. മൈക്കല്‍ ലെവിറ്റ് 16 പന്തില്‍ 18 ഉം, മാക്സ് ഒഡൗഡ് 16 പന്തില്‍ 12 ഉം, വിക്രംജീത് സിംഗ് 16 പന്തില്‍ 26 ഉം, ക്യാപ്റ്റന്‍ സ്കോട് എഡ്വേഡ്സ് 23 പന്തില്‍ 25 ഉം, ആര്യന് ദത്ത് 12 പന്തില്‍ 15 ഉം റണ്‍സ് നേടി. ബാസ് ഡി ലീഡ് പൂജ്യത്തിനും ലോഗന് വാന്‍ ബീക്ക് രണ്ടിനും ടിം പ്രിങ്കിള്‍ ഒന്നിനും പുറത്തായി. മൂന്ന് വിക്കറ്റുമായി റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റുമായി ടസ്കിന് അഹമ്മദും ഓരോരുത്തരെ മടക്കി മുസ്താഫിസൂര്‍ റഹ്മാനും തന്‍സീം ഹസനും മഹമ്മദുള്ളയും തിളങ്ങി.
ഷാക്കിബ് പവര്‍
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സാണ് എടുത്തത്. കിംഗ്സ്ടൗണില്‍ മോശം തുടക്കമാണ് ബംഗ്ലാദേശിന് കിട്ടിയത്. ഓരോ ഓവറുകളുടെ ഇടയില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയും, വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിനെയും മടക്കി നെതര്‍ലന്‍ഡ്സ് സ്പിന്നര്‍ ആര്യന് ദത്താണ് ബംഗ്ലാ കടുവകള്‍ക്ക് ഭീഷണിയായത്. ഓപ്പണര്‍ കൂടിയായ ഷാന്റോ മൂന്ന് പന്തുകളിലും വണ്‍ഡൗണ്‍ പ്ലെയര്‍ ലിറ്റണ്‍ രണ്ട് ബോളുകളിലും ഓരോ റണ്‍സ് വീതമേ നേടിയുള്ളൂ. ഇതോടെ തുടക്കം നിറംമങ്ങിയ 3.1 ഓവറില്‍ ബംഗ്ലാദേശ് 23-2 എന്ന നിലയിലായി. എന്നാല്‍ നാലാമനായിറങ്ങിയ ഷാക്കിബ് അല്‍ ഹസനൊപ്പം ഓപ്പണര്‍ തന്‍സീദ് ഹസന് ബംഗ്ലാദേശിനെ പവര്‍പ്ലേയില്‍ 54 എന്ന റണ്‍സിലെത്തിച്ചു.
സിക്സറിന് ശ്രമിച്ച തന്‍സീദിനെ 9-ാം ഓവറില്‍ പേസര്‍ പോള്‍ വാന്‍ മീകെരന്‍ പറഞ്ഞയച്ചതോടെ ബംഗ്ലാദേശ് 71-3. മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ ബംഗ്ലാ സ്കോര്‍ 76-3. 13-ാം ഓവറില്‍ തൗഹിദ് ഹൃദോയിയെ (15 പന്തില്‍ 9) ബൗള്‍ഡാക്കി സ്പിന്നര്‍ ടിം പ്രിങ്കിള്‍ അടുത്ത പ്രഹരം നല്കി. 14-ാം ഓവറില്‍ ഷാക്കിബ്, മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില്‍ പോളിനെ പറത്താന്‍ ശ്രമിച്ച് മഹമ്മദുള്ള (21 പന്തില്‍ 25) വീണു. അവസാന ഓവറില്‍ ബംഗ്ലാദേശിനെ ഷാക്കിബ് 150 കടത്തി. 46 പന്തില്‍ 64* റണ്‍സുമായി ഷാക്കിബ് അല്‍ ഹസനും, 7 പന്തില്‍ 14* റണ്‍സുമായി ജാക്കര്‍ അലിയും പുറത്താവാതെ നിന്നു.