യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലും കോണ്‍ഗ്രസിലും നേതൃമാറ്റം അനിവാര്യമാണന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ അനൈക്യവും ഭിന്നാഭിപ്രായവും അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തിരിച്ചടിക്ക് കാരണമായെന്നാണ് ലീഗ് കരുതുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലെ വിവാദവും ദോഷമായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

യുഡിഎഫ് നേതാക്കള്‍കിടയിലെ അനൈക്യവും വാക്‌പോരും ഇനിയും തുടര്‍ന്നാല്‍ തദ്ദേശത്തിലെ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അനുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലും കോണ്‍ഗ്രസിലും നേതൃമാറ്റം അനിവാര്യമാണന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കടുത്ത നിലപാട് പരസ്യമായി പറഞ്ഞാല്‍ ഗുണമുണ്ടാകില്ലെന്നും അത് മുന്നണിക്കുള്ളില്‍ പറയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ഒഴിഞ്ഞുമാറി.