വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി

റിയാദ്​: തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി​ റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്​ച രാവിലെ 10ന്​ റിയാദിൽനിന്ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ്​ കൊണ്ടുപോയത്​. ഒമ്പത്​ മലയാളികൾ, 12 തമിഴ്​നാട്ടുകാർ, 16 വീതം തെലങ്കാന, ആന്ധ്ര സ്വദേശികൾ, 30 ബിഹാറികൾ, 89 ഉത്തർപ്രദേശുകാർ, 57 പശ്ചിമ ബംഗാൾ സ്വദേശികൾ, എട്ട്​ രാജസ്ഥാനികൾ എന്നിങ്ങനെയാണ്​​ നാട്ടിലെത്തിയത്​.

ഇഖാമ പുതുക്കാത്തത്​, ഹുറൂബ്​ കേസ്​, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ്​ ഇവർ പിടിയിലായത്​. ഇതിൽ 108 പേരെ ദമ്മാമിൽനിന്ന്​ റിയാദിലെത്തിച്ചതാണ്. ബാക്കി 144 പേർ റിയാദിൽനിന്ന്​ പിടിയിലായതും​.

 

 

അൽഖർജ്​ റോഡിലെ ഇസ്​കാനിലുള്ള​ പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ്​ ഇവരെ പാർപ്പിച്ചിരുന്നത്​. ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസുഫ്​ കാക്കഞ്ചേരി, അബ്​ദുൽ സമദ്​, തുഷാർ എന്നിവരാണ്​ നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടി പൂർത്തിയാക്കിയത്​. കോവിഡ്​ തുടങ്ങിയ ശേഷം​ സൗദിയിൽനിന്ന്​ നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3491 ആയി.

 

കോവിഡ്​ പ്രതിസന്ധിക്ക്​ അയവ്​ വന്നതോടെ നിയമലംഘകരെ കണ്ടെത്താനുള്ള പൊലീസ്​ പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്​. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ്​ ദിനംപ്രതി പിടിയിലാകുന്നത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക്​ കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ്​ എത്തിക്കുന്നത്​. തടവുകാരുമായി 12ാമ​ത്തെ സൗദി എയർലൈൻസ്​ വിമാനമാണ്​ ബുധനാഴ്​ച ഡൽഹിയിലേക്ക്​ പുറപ്പെട്ടത്​.