മണ്ണിടിഞ്ഞ് സ്ലാബ് ഇളകി സെപ്റ്റിക് ടാങ്കില്‍ വീണ് വീട്ടമ്മ, സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

തിരുവനന്തപുരം: വാമനപുരത്ത് മണ്ണിടിഞ്ഞ് സ്ലാബിളകി സെപ്റ്റിക് ടാങ്കില്‍ വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി.തിരുവനന്തപുരം വാമനപുരം ആറാംതാനം ചരുവിളപുത്തന്‍വീട്ടില്‍ ലക്ഷ്മിയാണ്(69) സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു സംഭവം.

സെപ്റ്റിക് ടാങ്കിന് സമീപത്ത് കൂടി പോകുന്നതിനിടെ മണ്ണിടിഞ്ഞ് ഒരു വശത്തെ സ്ലാബിനോടൊപ്പം ഇവര്‍ ടാങ്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ചെറിയ മഴയുണ്ടായിരുന്നതിനാലും മണ്ണിടിച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നതിനാലും വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രക്ഷപ്പെടുത്താനാവാത്ത സാഹചര്യമുണ്ടായി.

ഇതോടെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ രഞ്ജിത് ടാങ്കിലിറങ്ങി സ്ലാബിനടിയില്‍നിന്ന് ഇവരുടെ കാല്‍ വേര്‍പെടുത്തി നെറ്റുപയോഗിച്ച്‌ കരക്ക് കയറ്റുകയായിരുന്നു. 20 അടി താഴ്ചയുള്ളതായിരുന്നു ടാങ്ക്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജയദേവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ ബിജു, ഗിരീഷ് കുമാര്‍, ഹരേഷ്, സൈഫുദ്ദീന്‍, ഹോം ഗാര്‍ഡുമാരായ സനില്‍, ആനന്ദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ചെറിയ പരിക്കേറ്റ വീട്ടമ്മയെ അഗ്‌നിരക്ഷാസേനതന്നെ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.