ജില്ലയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപടികളാകുന്നു

പൊന്‍മുണ്ടം ബൈപാസും കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജും ഉടന്‍ യാഥാര്‍ത്ഥ്യമാകും

നാടും നഗരവും അനുദിനം വികസിക്കുമ്പോഴും മലപ്പുറം ജില്ല നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഗതാഗതക്കുരുക്ക്. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി ദിനംപ്രതി ഏറ്റവും കൂടുതല്‍ പുതിയ വാഹനങ്ങള്‍ പുറത്തിറങ്ങുന്ന ജില്ലകളില്‍ മുന്നിലുമാണ് മലപ്പുറം. വാഹനങ്ങള്‍ക്കനുസൃതമായി റോഡ് ഗതാഗതം സുസജ്ജമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലാനുസൃതമായ വികസനങ്ങളും ടൗണ്‍പ്ലാനിംങും നടക്കുന്നുമില്ല. തീരദേശവും മലയോരവും ഒരുപോലെ ഉള്‍കൊള്ളുന്ന മലപ്പുറം അയല്‍ സംസ്ഥാനങ്ങളിലേക്ക് എത്തിപ്പെടാന്‍ ആശ്രയിക്കുന്ന ജില്ലകൂടിയാണ.്
ചരക്കു വാഹനങ്ങളും ദീര്‍ഘദൂര യാത്രാ വാഹനങ്ങളും ഇടകലരുമ്പോള്‍ ഓരോ നഗരത്തിലും കൂടുതല്‍ യാത്രാക്ലേശം അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്. ഓരോ നഗരത്തിലും വിവിധ ബൈപാസുകളോ മറ്റു ഇടനാഴികളോ ഉണ്ടെങ്കിലും ഇന്നത്തെ സ്ഥിതിയില്‍ ഇത് പര്യപ്തമല്ല. കൂടുതല്‍ ഫ്ളൈ ഓവറുകളും പാലങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ശാശ്വതമായ പരിഹാരം ഗതാഗതക്കുരുക്കിന് ഉണ്ടാക്കാന്‍ കഴിയൂ.
77 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതയ്ക്ക്. ഇതിന്റെ നിര്‍മ്മാണം മൂന്നാം ഘട്ടത്തിലാണ്. രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമാണ് ആറ് വരി ദേശീയപാതയൊരുങ്ങുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയ പാതം ഏറെ വൈകാതെ യാഥാര്‍ത്ഥ്യമായാല്‍ ദീര്‍ഘദൂര വാഹനങ്ങളുടെ തിരക്ക് നഗരത്തില്‍ നിന്നും ഒരു പരിതി വരെ ഒഴിവാകും. ജില്ലയില്‍ രണ്ട് റീച്ചുകള്‍ പൂര്‍ത്തിയായ തീരദേശ ഹൈവേയും മൂന്നാം റീച്ച് പൂര്‍ത്തിയാക്കുന്നതോടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും.
തിരൂര്‍, മലപ്പുറം, പുത്തനത്താണി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതയാണ് പൊന്‍മുണ്ടം – പോലീസ് ലൈന്‍ ബൈപാസ് പാലവും അപ്രോച്ച് റോഡും. എന്നാല്‍ ഈ പാലം പതിറ്റാണ്ടായി തൂണില്‍ തന്നെ നില്‍ക്കുകയാണ്. ഒരു വര്‍ഷം മുമ്പ് കേന്ദ്രം 33 കോടി രൂപ വകയിരുത്തിയെങ്കിലും സംസ്ഥാന സര്‍ക്കാരിന് നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മനാണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയതോടെ ഏറെ പ്രതീക്ഷയിലാണ് ജനം.
125 കോടി രൂപയുടെ പദ്ധതിയായ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയായ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ വകുപ്പ് തലത്തില്‍ തീരുമാനമായി. പാലത്തിന് രണ്ട് സൈഡിലൂടെയുള്ള സര്‍വ്വീസ് റോഡുകള്‍ മൂന്നര മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കും. പദ്ധതിയുടെ 70% പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതികളെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും തുടര്‍ പ്രവൃത്തികള്‍ വേഗത്തിലാക്കിയാല്‍ മാത്രമേ പദ്ധതികളെല്ലാം പ്രയോജനത്തിലാകൂ.