തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കാക്കനാട്: തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്പെൻഡ് ചെയ്തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ നിർദേശപ്രകാരം പറവൂർ ജോയൻറ് ആർ.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്.
യൂസുഫിന് തിങ്കളാഴ്ച കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽനിന്നും വിലക്കി. വിലക്ക് ലംഘിച്ചാൽ കടുത്ത ശിക്ഷനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.