മോഹന്‍ലാല്‍ അടക്കം വന്‍ താര നിര, വന്‍ ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍

ഹൈദരാബാദ്: മോഹൻലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’.വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം അടുത്ത ഡിസംബറില്‍ ഇറങ്ങും എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസാകും എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അല്ലു അര്‍ജുന്‍റെ പുഷ്പ 2വുമായി ഈ ചിത്രത്തിന് ക്ലാഷ് വരുമോ എന്നതാണ് ചോദ്യമായി ഉയരുന്നത്.

ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പയെന്ന സൂചനയാണ് നേരത്തെ ഇറങ്ങിയ ടീസർ നല്‍കിയത്. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്ബൻ താരങ്ങള്‍ക്കൊപ്പം മോഹൻലാലിനെ വേറിട്ട ഗെറ്റപ്പും ടീസറില്‍ കണ്ടിരുന്നു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.