ഉറ്റവരില്ലാതായി ഉള്ളുരുകുന്നവര്‍ക്ക് തണലാകാൻ; സാമൂഹ്യ മാനസിക പിന്തുണയുമായി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍
കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാർ.ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാത്തവർക്കും സാമൂഹ്യ -മാനസിക പിന്തുണ നല്‍കുകയാണ് ഇവരുടെ ലക്ഷ്യം.
ദുരന്തമേഖലയിലെ 17 ക്യാമ്ബുകളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്‍സിലിങ്ങ് സെന്ററുകള്‍ സജീവമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും രാഷ്ട്രീയ് കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെയും കൗണ്‍സിലർമാർ, സ്കൂള്‍ കൗണ്‍സിലർമാർ, സന്നദ്ധ സംഘടനാ കൗണ്‍സിലർമാർ ഉള്‍പ്പെടെ നൂറ്റി അൻപതോളം സാമൂഹ്യ മാനസികാരോഗ്യ കൗണ്‍സിലർമാരും സൈക്യാട്രിസ്റ്റുകളുമാണ് രംഗത്തുള്ളത്.
രണ്ടായിരത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യല്‍ കൗണ്‍സലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ഗ്രൂപ്പ് കൗണ്‍സലിങ്ങ് സെഷനുകളും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതിനകം നല്‍കി കഴിഞ്ഞു.
ദുരന്തനിവാരണസെല്‍ (കൗണ്‍സിലിങ്ങ്) നോഡല്‍ ഓഫീസറും ജില്ലാ സാമൂഹ്യനീതി ഓഫീസറുമായ കെ.കെ പ്രജിത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, വനിതാശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, എല്‍.എസ്.ജി.ഡി വകുപ്പുകളാണ് കൗണ്‍സിലിംഗ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാനസിക സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉള്ളവർക്ക് ടെലിഫോണ്‍ കൗണ്‍സലിങ്ങിനായി 1800-233-1533, 1800-233-5588 ടോള്‍ ഫ്രീ നമ്ബറുകളും സജ്ജീകരിച്ചിട്ടുണ്ട്.