ഉരുള്‍പൊട്ടലില്‍ അകപ്പെട്ട വളര്‍ത്തു – തെരുവ് മൃഗങ്ങള്‍ക്കായി കരുതല്‍ വേണം
വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍.ജീവന്‍ നഷ്ടമായ വളര്‍ത്ത് മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഏഴ് കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായി.
രക്ഷപ്പെട്ട മൃഗങ്ങളാകട്ടെ തങ്ങളുടെ ഉടമകളെ കാണാതെ ദുരന്ത പ്രദേശത്ത് അലയുന്ന കാഴ്ച ഏറെ ദയനീയമായിരുന്നു. ഇത്തരത്തില്‍ ഉടമസ്ഥരില്ലാതായ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുകയും അടിയന്തര വൈദ്യചികിത്സയോ വെറ്റിനറി പരിചരണമോ ആവശ്യമായവയ്ക്ക് അത് സാധ്യമാക്കുകയും ചെയ്യാനും തയ്യാറായി സന്നദ്ധ സംഘടനകളും ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര കാലിത്തീറ്റ വിതരണം, മെഡിക്കല്‍, വെറ്റിനറി സപ്ലൈസ്, ഭക്ഷണ വിതരണം, വെള്ളം, മൃഗങ്ങള്‍ക്കുള്ള പാർപ്പിടം, കുടുംബങ്ങള്‍ക്കുള്ള സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വസ്തുക്കളോടെ സഹകരണ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ട് നിന്നു. ഹ്യൂമൻ സൊസൈറ്റി ഇന്‍റർനാഷണല്‍/ഇന്ത്യയുടെ ദുരന്ത നിവാരണ, പ്രതികരണം, ദുരിതാശ്വാസ പ്രവർത്തന ടീം അപകടം നടന്ന ദിവസം മുതല്‍ ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു.
മുണ്ടക്കൈയില്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 18 കന്നുകാലികള്‍ക്ക് സംഘടന ഇതിനകം 100 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. തെരുവ് മൃഗങ്ങള്‍ക്കോ വളർത്തുമൃഗങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൃഗങ്ങള്‍ക്കോ സഹായം ആവശ്യമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് സംഘടനയുടെ ദുരന്ത നിവാരണ, ദുരിതാശ്വാസ, പ്രതികരണ വിഭാഗം മാനേജർ പ്രവീണ്‍ സുരേഷ് പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ മൃഗങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് അടുത്ത ദിവസങ്ങളില്‍ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുമെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ മൃഗങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി കമ്മ്യൂണിറ്റികളുമായും സര്‍ക്കാരുമായും ഒത്തുചേര്‍ന്ന് പ്രളയത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായുള്ള പരിശീലനവും സംഘടന നല്‍കുന്നുണ്ട്.