കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കവുമായി എയര്‍ ഇന്ത്യ. ചെറിയ തുക സ്വീകരിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ പരിക്കേറ്റവരെ സമീപിച്ചു. പത്തു ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ നല്‍കാമെന്നാണ് എയര്‍ ഇന്ത്യയുടെ വാഗ്ദാനം.

 

മോണ്ട് റീല്‍ കണ്‍വെന്‍ഷന്‍ ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം കരിപ്പൂര്‍ വിമാനാപാകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഒരു കോടി ഇരുപത് ലക്ഷം വരെ ലഭിക്കണം. എന്നാല്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് നിലവില്‍ എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ പരമാവധി നാല്‍പ്പതു ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു സന്നദ്ധമാണെങ്കില്‍ സമ്മതപത്രം ഒപ്പിട്ട് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യ കത്തയച്ചിരിക്കുന്നത്. പിന്നീട് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സമ്മത പത്രത്തില്‍ പറയുന്നു.

 

അപകടത്തില്‍പെട്ടവരെ പങ്കെടുപ്പിച്ച് വിമാനക്കമ്പനി നഷ്ടപരിഹാരം സംബന്ധിച്ച് ഹിയറിംഗ് നടത്തണം. കരിപ്പൂരിന്റെ കാര്യത്തില്‍ അതുമുണ്ടായിട്ടില്ല. മരിച്ച പലരുടെയും കുടുംബങ്ങള്‍ വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുമുണ്ട്. ഇതിനിടെ കൂടുതല്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിക്കാന്‍ അനുമതി തേടി അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹരജിയില്‍ എയര്‍ ഇന്ത്യയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.