ലാര്‍വ, വണ്ട്, പുഴു…; ഇതൊക്കെ കണ്ടത് ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വച്ച വെള്ളത്തില്‍, മില്‍മ ബൂത്ത് പൂട്ടിച്ച്‌ നഗരസഭ

കണ്ണൂര്‍: കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മില്‍മ ബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു.ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാർവ, വണ്ട്, പുഴു എന്നിവയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി.

ചിലയിടങ്ങളില്‍ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും, വാട്ടർ ടാങ്കുകള്‍ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം സുധീർ ബാബു, പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ സി ആർ സന്തോഷ്‌ കുമാർ, എ വി ജൂന റാണി എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി.