നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ബസ് ഇടിച്ചുകയറി അപകടം; 3 കുട്ടികളുള്‍പ്പടെ 7 പേര്‍ക്ക് പരിക്ക്
പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡില്‍ വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ ഏഴ് പേർക്ക് പരിക്ക്.വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
നിലവില്‍ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയില്‍ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകില്‍ നിന്നും ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയുള്ള ഓട്ടോ യാത്രക്കാർക്കാണ് പരിക്കേറ്റത്. കാറിൻ്റെ പിൻവശം തകർന്നെങ്കിലും കാർയാത്രക്കാർക്ക് പരിക്കില്ല. അപകടത്തില്‍പെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.