ശ്രീജേഷ് പാരീസില്‍ തന്നെ! വെങ്കലുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് വന്‍ വരവേല്‍പ്പ് .

ദില്ലി: പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ദില്ലിയില്‍ വന്‍ സ്വീകരണം. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രതികരിച്ചു. ഒളിംപിക് സമാപന ചടങ്ങില്‍ പതാക ഉയര്‍ത്തേണ്ടതിനാല്‍ മലയാളി താരം പി ആര്‍ ശ്രീജേഷ് പാരീസില്‍ തുടരും. ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരെ കാണും.

ആരാധകരുടെ വന്‍ വരവേല്‍പ്പിലൂടെ അഭിമാനതാരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക്. വാദ്യമേളങ്ങള്‍ മുഴക്കിയും മാലയണിഞ്ഞും ഹോക്കി താരങ്ങളെ സ്വീകരിച്ചു. മലയാളി താരം പി ആര്‍ ശ്രീജേഷും മറ്റ് നാല് താരങ്ങളും ഒഴികെയുള്ള സംഘമാണ് എത്തിയത്. മെഡല്‍ നേട്ടത്തോടെയുള്ള മടക്കം അഭിമാനകരം എന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്. ശ്രീജേഷിന്റെ വിരമിക്കല്‍ ടീമിനും രാജ്യത്തിനും നഷ്ടമാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

പാരീസ് ഒളിംപിക്‌സില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ഹോക്കി ടീം വെങ്കലമേഡല്‍ നേടിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍. വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചിരുന്നു. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പരിശീലക പദവിയാണ് ശ്രീജേഷിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.