15 ലക്ഷത്തിന്റെ ഇൻഷൂറൻസ്, ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് നല്‍കിയില്ല, ഇനി പിഴയടക്കം നല്‍കാൻ വിധി

മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി.മലപ്പുറം കോഡൂര്‍ ഊരോത്തൊടിയില്‍ അബ്‌ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ എച്ച്‌.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്ബനിക്കെതിരയൊണ് വിധി.

പരാതിക്കാരൻ സ്വന്തം മോട്ടോർസൈക്കിളില്‍ യാത്ര ചെയ്യുമ്ബോള്‍ പിറകില്‍ നിന്നും വന്ന കാർ ഇടിച്ച്‌ ഗുരുതരമായ പരുക്കേറ്റിരുന്നു. ചികില്‍സ തീർന്നപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോർഡ് പരിശോധിച്ച്‌ 75 ശതമാനം ശാരീരിക അവശതയുള്ളതായി സർട്ടിഫിക്കറ്റ് നല്‍കി. വാഹന ഉടമയെന്ന നിലയില്‍ അപകടത്തില്‍ മരണപ്പെടുകയോ 50 ശതമാനത്തില്‍ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ 15 ലക്ഷം രൂപ ഇൻഷുറൻസ് തുക നല്‍കണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല.

മതിയായ രേഖകള്‍ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതിയുമായി എത്തിയത്. പരാതിക്കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 74 ശതമാനം ശാരീരിക അവശതയുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. തെളിവുകള്‍ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് കമ്ബനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പരാതിക്കാരന് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്നും രേഖകള്‍ മതിയായതാണെന്നും വിധിച്ചു.

യഥാസമയം ഇൻഷുറൻസ് തുക നല്‍കാത്തതിനാല്‍ സേവനത്തില്‍ വീഴ്ചയുണ്ടെന്നും ഇൻഷുറൻസ് തുകയായ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ അമ്ബതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നല്‍കാത്ത പക്ഷം ഹരജി ബോധിപ്പിച്ച തീയതി മുതല്‍ ഏഴു ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രിതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.