എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്,ഇന്ന് തിരശ്ശീല വീഴും.

തിരൂർ : നാല് ദിവസങ്ങളിലായി സാംസ്കാരിക നഗരിക്ക് ഉത്സവഛായ പകർന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും. 12 ഡിവിഷനുകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ എട്ടു കാറ്റഗറികളിലായി 200 ഓളം മത്സരയിനങ്ങൾ ആണുള്ളത്.സാഹിത്യോത്സവ് പ്രമേയമായ മനുഷ്യ ഭാഷയോട് ചേർന്ന് നിൽക്കുന്ന പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്. കാവ്യഭാഷ ,പാട്ടുഭാഷ,നാട്ടുഭാഷ,സമരഭാഷ,സ്നേഹ ഭാഷ തുടങ്ങി 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

മനുഷ്യഭാഷ പ്രധാന ആശയമായ മുപ്പത്തിഒന്നാമത് പതിപ്പ് സാഹിത്യോത്സവിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സാംസ്കാരിക പ്രോഗ്രാമുകളാണ് നടന്നത്. 100 മണിക്കൂർ ദൈർഘ്യമുള്ള ചിന്ത സാഹിത്യ ക്യാമ്പ്, അന്നം ഭക്ഷ്യമേള,അക്ഷരമുറ്റം പുസ്തക ചന്ത, ഫ്യൂച്ചർ ലൈൻ എക്സ്പോ, തുടങ്ങിയ വൈവിധ്യമായ പരിപാടികൾ തിരൂരിന് നവ്യാനുഭവം പകർന്നു. സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കുഞ്ഞുമുഹമ്മദ് അനുമോദന പ്രഭാഷണം നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫൽ ഫൈസി തെന്നല ,പൊന്മള മൊയ്തീൻകുട്ടി ബാഖവി അവാർഡുകൾ വിതരണം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ പി എച്ച് തങ്ങൾ കാവനൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ പൂക്കോട്ടൂർ, സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അലി ബാഖവി ആറ്റുപുറം സംബന്ധിക്കും.