നിയമ കുരുക്ക് നീങ്ങി, ഗവി ഇനി പരിധിക്ക് പുറത്തല്ല; ടവര്‍ നിര്‍മിച്ച്‌ ബിഎസ്‌എൻഎല്‍

പത്തനംതിട്ട: നിയമ കുരുക്കുകള്‍ മാറിയതോടെ ഗവി ഇനി പരിധിക്ക് പുറത്തല്ല. നിയമ കുരുക്കുകള്‍ മാറി ടവർ നിർമാണം ബിഎസ്‌എൻഎല്‍ പൂർത്തിയാക്കി.ബിഎസ്‌എൻഎല്‍ അധികൃതർ ടവർ സ്ഥാപിക്കുന്നതിന് 2022ല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഗവി ഉള്‍പ്പെടുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാ സങ്കേതത്തിന്റെ ഉള്ളിലായതിനാല്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നു. ഇത് ലഭിക്കുന്നതിന് കാലതാമസമുണ്ടായി.

ആന്‍റോ ആന്‍റണി എംപിയുടെ നിരന്തരമായ ഇടപെടലിന് ശേഷം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പത്രം ലഭിച്ചു. തുടർന്ന് ബിഎസ്‌എൻഎല്ലിന്‍റെ മേല്‍നോട്ടത്തില്‍ ടവറിന്‍റെ നിർമാണ ചുമതലകള്‍ ഏറ്റെടുത്ത് ടവർ നിർമ്മാണം പൂർത്തീകരിച്ചു. 60 ലക്ഷം രൂപയ്ക്കടുത്താണ് നിർമാണ ചെലവെന്ന് ബിഎസ്‌എൻഎല്‍ അധികൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖലയായ ഗവി സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ്. ലോക ശ്രദ്ധയാകർഷിച്ച സഞ്ചാരികളുടെ മനം കവരുന്ന ആകർഷണീയമായ വിനോദ സഞ്ചാര കേന്ദ്രമാണിവിടം. സ്വദേശികളും വിദേശികളുമായ നിരവധിയാളുകള്‍ ഗവിയില്‍ എത്തുന്നുണ്ട്. പത്തനംതിട്ടയിലെ ആങ്ങമുഴി ചെക്ക് പോസ്റ്റ് വഴി ഗവി കണ്ട് വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി ദിനംപ്രതി സഞ്ചാരികള്‍ മടങ്ങിപ്പോകുന്നു. അതുപോലെ തന്നെ കുമളി, വണ്ടിപ്പെരിയാർ വള്ളക്കടവ് വഴിയും നിരവധി വിനോദ സഞ്ചാരികള്‍ ഗവിയില്‍ എത്തുന്നുണ്ട്.

പെരിയാർ കടുവാ സങ്കേതത്തിന്റെ നടുവിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. ഇവിടെ കെ.എഫ് ഡി.സി.യുടെ ഏലത്തോട്ടത്തില്‍ ഇരുന്നൂറോളം തൊഴിലാളികളും ഇരുപതിനടുത്തായി ജീവനക്കാരും ഉണ്ട്. ബാങ്ക്, സ്കൂള്‍ , കോളേജ്, വൈദ്യുതി വകുപ്പ് തുടങ്ങി കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് സമീപ ജില്ലയായ ഇടുക്കിയെ ആണ്. ഗവിയില്‍ നിന്ന് വണ്ടിപ്പെരിയാറിന് 24 കിലോ മീറ്റർ ദൂരമാണുള്ളത്. ഇവർക്ക് ഒരു ആവശ്യം വന്നാല്‍ പുറം ലോകത്തെ ബന്ധപ്പെടുന്നതിനായി ഒരു മാർഗ്ഗവും ഇല്ലായിരുന്നു. തൊഴിലാളികളുടെയും ജീവനക്കാരുടെയും നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.