നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ, മുഖത്ത് മാറ്റമുണ്ടാകും
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ഇവ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. നേന്ത്രപ്പഴം കഴിച്ചതിന് ശേഷം അതിന്‍റെ തൊലി വെറുതെ കളയുക തന്നെയാണ് എല്ലാവരും ചെയ്യുന്നത്.എന്നാല്‍ ഇനി അവയെ കളയേണ്ട, സൗന്ദര്യപരിപാലനത്തിന് ഉപയോഗിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയെല്ലാം പഴത്തൊലിയില്‍ അടങ്ങിയിരിക്കുന്നു. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
1. ഏത്തപ്പഴത്തൊലി- തേന്‍ ഫേസ് പാക്ക്
ഏത്തപ്പഴത്തിന്‍റെ തൊലിയിലും തേനിലും പൊട്ടാസ്യവും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വരണ്ട ചര്‍മ്മത്തെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി ആദ്യം ഒരു ഏത്തപ്പഴത്തിന്‍റെ തൊലിയുടെ ഉള്ളില്‍ ചുരണ്ടി ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
2. ഏത്തപ്പഴത്തൊലി- മഞ്ഞള്‍ ഫേസ് പാക്ക്
മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവയെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും. ഇതിനായി പഴത്തൊലിയുടെ ഉള്ളില്‍ ചുരണ്ടി പിഴിഞ്ഞ് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയില്‍ കലർത്തുക. ശേഷം കുറച്ച് തുള്ളി റോസ് വാട്ടർ ചേർക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
3. ഏത്തപ്പഴത്തൊലി- കറ്റാർവാഴ ഫേസ് പാക്ക്
കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒരു പാക്കാണിത്. ഇതിനായി നേന്ത്രപ്പഴത്തോലിൻ്റെ ഉള്ളിലെ വെളുത്ത ഭാഗം
ഒരു ടേബിള്‍സ്പൂണ്‍ എടുക്കുക. ശേഷം ഇവ കറ്റാർവാഴ ജെല്ലുമായി കലർത്തുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
4. ഏത്തപ്പഴത്തൊലി- ഓട്‌സ് ഫേസ് പാക്ക്
പഴത്തിൻ്റെ തൊലി പൊടിച്ച് ഒരു ടേബിള്‍സ്പൂണ്‍ ഓട്സില്‍ ചേർത്ത് മിശ്രിതമാക്കുക. ഇനി ഒരു സ്പൂണ്‍ പാല്‍ കൂടി ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാ. 10 മിനിറ്റ് മസാജ് ചെയ്തതിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാൻ ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്ബ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.