റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് വാൻ ഇടിച്ചു; കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കല്‍ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്.മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയില്‍ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ലീലാമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ബുധനാഴ്ച വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയില്‍ നടക്കും. ഭർത്താവ്: തോമസ്. മക്കള്‍: ഷൈബി, ഷൈജു. മരുമകൻ: വിൻസെന്റ്
ദേശീയപാത 544 ല്‍ നിലവില്‍ പന്തലാംപാടത്ത് ഒഴിച്ച് മറ്റൊരു ഭാഗത്തും ബസ് സ്റ്റോപ്പുകളില്‍ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇല്ല. കാല്‍നട യാത്രക്കാരായ നിരവധി പേരാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ആകാശ പാതയോ ചെറിയ അടിപാതകളോ പണിയുന്നതിന് വേണ്ടിയുള്ള യാതൊരുവിധ നടപടികളും ദേശീയപാത അധികൃതർ സ്വീകരിച്ചിട്ടില്ല. ജീവൻ പണയം വെച്ചാണ് കാല്‍നട യാത്രക്കാരും സ്കൂള്‍ കുട്ടികളും റോഡ് മുറിച്ചു കടക്കുന്നത്.