പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്ബാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്.ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതില്‍ പാൻക്രിയാസ് പരാജയപ്പെടുമ്ബോള്‍ സംഭവിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. 40 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, 40 വയസ്സിന് താഴെയുള്ളവരോ അല്ലെങ്കില്‍ 18 വയസ്സില്‍ താഴെയുള്ളവരോ ആയ ആരെയും പ്രമേഹം നേരത്തെ ബാധിക്കാം.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹം വരാനുള്ള സാധ്യതകളില്‍ ജനിതകം ഒരു ഘടകമാണ്. അതുമാത്രമല്ല, ഉദാസീനമായ ജീവിതശൈലിയും നേരത്തെയുള്ള പ്രമേഹത്തിന് കാരണമാകും. അതായത് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, മോശം ഉറക്കം, മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവയൊക്കെ പ്രമേഹത്തിന്‍റെ കാരണങ്ങളില്‍ ചിലതാണ്.
പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ:
1. കാർബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുക
കാർബോഹൈഡ്രേറ്റിന്‍റെ അളവ് ഡയറ്റില്‍ നിന്നും കുറയ്ക്കുക. ജങ്ക് ഫുഡിലും സംസ്കരിച്ച ഭക്ഷണങ്ങളിലും റെഡി-ടു ഈറ്റ് ഭക്ഷണങ്ങളിലും കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ടാകാം. ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ ഫാസ്റ്റ് ഫുഡിന് പകരം റാഗി, ഓട്‌സ്, ചപ്പാത്തി, ക്വിനോവ തുടങ്ങിയ കാര്‍ബോ കുറവുള്ളവ ഉള്‍പ്പെടുത്താം.
2. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും വർദ്ധിപ്പിക്കുക
നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ ആവശ്യമായ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി നെയ്യ്, വെളിച്ചെണ്ണ, അവക്കാഡോ, സീഡുകള്‍, നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
3. വ്യായാമം പതിവാക്കുക
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ഏറ്റവും ലളിതമായ വഴിയാണ് പതിവായി വ്യായാമം ചെയ്യുക എന്നത്. ഇത് പ്രമേഹ സാധ്യതയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.