തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രത്തെ കുറിച്ചുള്ള വിവരം.ഇതോടെ ജനവാസ മേഖലയില്‍ വീട് വാടകയ്‌ക്കെടുത്ത് സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയ കൊലക്കേസടക്കം നിരവധി കേസിലെ പ്രതി അറസ്റ്റിലായി.
വാടനപ്പള്ളി തയ്യില്‍ വീട്ടില്‍ കുമാരന്‍കുട്ടി മകന്‍ മണികണ്ഠന്‍ (41) ആണ് പിടിയിലായത്. തൃശൂര്‍ വെസ്റ്റ് പൊലീസ് വീട് റെയ്ഡ് നടത്തിയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്നും 110 കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റ് പൊലീസ് കണ്ടെടുത്തു. 18,000 രൂപയ്ക്ക് മാസവാടകയില്‍ എടുത്ത വീടാണ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്നത്.
ഇയാള്‍ സിപിഎം പ്രവര്‍ത്തകനടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസടക്കം 40 ക്രിമിനല്‍ കേസില്‍ പ്രതിയാണ്. തൃശൂര്‍, എറണാകുളം, മലപ്പുറം ഭാഗത്തുള്ള കള്ളുഷാപ്പുകളിലേക്ക് വേണ്ടിയുള്ള സ്പിരിറ്റാണ് വാടക വീട്ടില്‍നിന്നും കണ്ടെടുത്തത്. ആറുമാസം മുമ്ബാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. വളം സൂക്ഷിപ്പ് കേന്ദ്രമാണെന്നും ഒപ്പമുള്ളത് ഭാര്യയും കുട്ടികളുമാണെന്നുമാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ രണ്ടാം ഭാര്യയാണ് ഇതെന്ന് പോലീസ് പറഞ്ഞു.
മണ്ണുത്തി-എറണാകുളം ദേശീയപാതയിലൂടെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരവുമായി യുവാവിനെ പോലീസ് പിടികൂടിയിരുന്നു. കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ സച്ചു (32) വാണ് പിടിയിലായത്. ദേശീയപാതയിലൂടെ അതിവേഗത്തില്‍ വരികയായിരുന്ന കാറിനെ പിന്തുടര്‍ന്ന് പോട്ട സിഗ്‌നലിന് സമീപത്ത് വച്ചാണ് ചാലക്കുടി പോലീസ് അതിസാഹസികമായി പിടികൂടിയത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മയുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്.
ഓണവിപണി ലക്ഷ്യമിട്ട് സ്പിരിറ്റ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 35 ലിറ്റര്‍ ശേഷിയുള്ള 11 കന്നാസുകളിലാക്കി കാറിന്റെ ഡിക്കിനുള്ളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തൃശൂരില്‍നിന്നും കൊച്ചിയിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോയതെന്ന് പ്രതി പൊലീസില്‍ സമ്മതിച്ചു. പിടികൂടിയ ആളെ ചോദ്യംചെയ്തപ്പോഴാണ് സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രത്തെ കുറിച്ച് അറിവ് ലഭിക്കുന്നത്.
തുടര്‍ന്ന് ചാലക്കുടി പൊലീസിന്റെ ആവശ്യപ്രകരം തൃശൂര്‍ വെസ്റ്റ് പൊലീസ് എസ്‌എച്ച്‌ഒ ലാല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയില്‍ 35, 45 ലിറ്റര്‍ വീതം കൊള്ളുന്ന 110 കന്നാസുകള്‍ കണ്ടെത്തി. വീടിനു മുന്നില്‍ മണികണ്ഠന്‍ സ്വന്തം പണംമുടക്കി ട്രസ് പണിത് മതിലിനു ചുറ്റം മറച്ചിരുന്നു.
അതുകൊണ്ടുതന്നെ വാഹനങ്ങളില്‍ പോകുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും മതിലിനപ്പുറമുള്ള പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധ്യമല്ല. നിരന്തരം റോഡിലൂടെയും ഈ വീട്ടിലേക്കും വാഹനങ്ങള്‍ വന്നു പോകുന്നതുകൊണ്ട് നാട്ടുകാരും ഇത് ശ്രദ്ധിച്ചിരുന്നില്ല. മാത്രമല്ല വീട്ടില്‍ മൂന്ന് വിലകൂടിയ വളര്‍ത്ത് നായ്ക്കളും കാവലുണ്ട്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.