കരാര്‍ ലംഘിച്ച്‌ ബഗാനില്‍ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് ട്രാൻസ്‌ഫര്‍, അൻവര്‍ അലിക്ക് 4 മാസ വിലക്ക്; 12.90 കോടി രൂപ പിഴ

ദില്ലി: ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ.മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച്‌ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിനാണ് നടപടി. ഇതിന് പുറമെ മോഹന്‍ ബഗാന് 12 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ടു. വിലക്ക് ക്ലബ്ബ് ഫുട്ബോളില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി എഫ് സിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ മോഹൻ ബഗാനില്‍ എത്തിയ അൻവർ അലി, കരാർ ലംഘിച്ച്‌ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഇതിനെതിരെ മോഹൻ ബഗാൻ നല്‍കിയ പരാതിയിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി നടപടിയെടുത്തത്. അൻവർ അലിയും മാതൃക്ലബ്ബായ ഡല്‍ഹി എഫ്.സിയും നിലവിലെ ക്ലബ്ബായ ഈസ്റ്റ് ബംഗാളും ചേർന്നാണ് മോഹന്‍ ബഗാന് 12.90 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടത്. പിഴത്തുകയുടെ പകുതി അൻവർ അലിയാണ് നല്‍കേണ്ടത്.

ഡല്‍ഹി എഫ്.സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളില്‍ പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ബഗാനുള്ള നഷ്ടപരിഹാരത്തുക 45 ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്നതിനുള്ള നിയന്ത്രണം മൂന്ന് സീസണുകളിലേക്ക് നീട്ടുകയും കളിക്കാരനുള്ള വിലക്ക് ആറ് മാസമായി ദീര്‍ഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലെയേഴ്സ് കമ്മിറ്റി തീരുമാനത്തിനെതിരെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അപ്പീല്‍ കമ്മിറ്റിക്ക് നിശ്ചിത സമയത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനാവും.

ഇന്ത്യൻ ഫുട്ബാള്‍ കണ്ട ഏറ്റവും വലിയ ട്രാൻസ്ഫർ തുകകളില്‍ ഒന്നായ 24 കോടി രൂപക്കാണ് അൻവർ അലിയെ ഈസ്റ്റ് ബംഗാള്‍ അഞ്ച് വര്‍ഷ കരാറില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഐഎസ്‌എല്‍ ഷീല്‍ഡ് മോഹന്‍ ബഗാന് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച 23കാരനായ അന്‍വര്‍ അലി ബഗാനുവേണ്ടി 26 മത്സരങ്ങളില്‍ മൂന്ന് ഗോളും ഒരു അസിസ്റ്റും സമ്മാനിച്ചിരുന്നു.