വെറും 7,999 രൂപയ്ക്ക് 50 എംപി ക്യാമറയുള്ള സാംസങ് ഫോണ്‍; ഗ്യാലക്‌സി എം05 മെച്ചങ്ങളും പോരായ്‌മകളും

ദില്ലി: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ സാംസങിന്‍റെ ഗ്യാലക്‌സി എം05 (Galaxy M05) ഇന്ത്യയില്‍ പുറത്തിറങ്ങി.50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെ വരുന്ന ഈ സ്മാര്‍ട്ട്ഫോണിന് വെറും 7,999 രൂപയെ വിലയുള്ളൂ എന്നതാണ് ശ്രദ്ധേയം. എന്നാല്‍ 5ജി അടക്കം എടുത്തുപറയേണ്ട ചില ന്യൂനതകളും ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലിനുണ്ട്.

സാംസങ് ഗ്യാലക്‌സി ബഡ്‌ജറ്റ് ആന്‍ഡ്രോയ്‌ഡ് സ്മാര്‍ട്ട്ഫോണുകളുടെ നിരയിലേക്ക് അടുത്തത് അവതരിപ്പിച്ചിരിക്കുകയാണ്. ഗ്യാലക്‌സി എം സിരീസില്‍പ്പെട്ട എം05 ആണ് പുതിയ ഐറ്റം. 6.7 ഇഞ്ച് എല്‍സിഡി ഡിസ്പ്ലെയില്‍ എച്ച്‌ഡി+ റെസലൂഷനിലുള്ളതാണ് ഡിസ്പ്ലെ. മീഡിയടെക് ഹലിയോ ജി85 ചിപ്സെറ്റിലാണ് ഗ്യാലക്‌സി എം05ന്‍റെ നിര്‍മാണം. 4ജി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും വരുന്ന ഒരൊറ്റ വേരിയന്‍റേ ഈ ഫോണിനുള്ളൂ. മൈക്രോ എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച്‌ 1 ടിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. 4ജി വരെ കണക്റ്റിവിറ്റിയേയുള്ളൂ എന്നതാണ് ഒരു ന്യൂനത. അതേസമയം ഇരട്ട 4G VoLTE ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും.

വണ്‍യുഐ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലാണ് ഗ്യാലക്‌സി എം05 പണിതുയര്‍ത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ സൗജന്യ ഒഎസ് അപ്‌ഡേറ്റും നാല് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും കമ്ബനി ഉറപ്പുനല്‍കുന്നു. 25 വാട്ട്സ് വയേര്‍ഡ് ചാര്‍ജറോടെ 5,000 എംഎഎച്ച്‌ ബാറ്ററിയാണ് വരുന്നത്. എന്നാല്‍ ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കില്ല. ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍ ഇല്ലായെന്നതും ഗ്യാലക്‌സി എം05ന്‍റെ ന്യൂനതയാണ്. പിന്‍ഭാഗത്ത് 50 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്‌ത് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബോഡിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഫോണിന് 8.8 എംഎം കനവും 193 ഗ്രാം ഭാരവുമാണുള്ളത്. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ഫോണിനുണ്ട്.

മിന്‍റ് ഗ്രീന്‍ കളറില്‍ മാത്രം വരുന്ന ഗ്യാലക്‌സി എം05 സാംസങ് ഇന്ത്യ വെബ്‌സൈറ്റ്, ആമസോണ്‍, തെരഞ്ഞെടുക്കപ്പെട്ട റീടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി 7,999 രൂപയ്ക്ക് വാങ്ങാം.