‘എന്തിനാണ് കീറിമുറിക്കുന്നതെന്ന് ചോദിച്ചു’; ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം
കോഴിക്കോട്: കോഴിക്കോട് ഉള്ള്യെരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം.എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു എന്നാണ് ഭർത്താവ് വിവേക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഡോക്ടർ സിസേറിയൻ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. വേദന കൂടിയതോടെ സിസേറിയൻ ചെയ്യാൻ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും വിവേക് ആരോപിക്കുന്നു.
നേരത്തെ കാണിച്ചിരുന്ന ഡോക്ടറേ കാണണമെന്ന് ആവശ്യപെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടർ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ഡോക്ടർ ഉണ്ടെന്ന് കള്ളം പറഞ്ഞുവെന്നും അശ്വതിയുടെ കുടുംബം ആരോപിച്ചു. വെന്റിലേറ്ററില്‍ കിടക്കുമ്ബോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്നം ഇല്ലെന്നാണ്. പിന്നീട് പെട്ടെന്ന് ഹോസ്പിറ്റലില്‍ മാറ്റണം എന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിന് മുൻപ് ആശുപത്രി മാറ്റാൻ നീക്കം നടത്തി. വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി നേരിട്ടാണ് നീക്കം നടത്തിയതെന്നും അശ്വതിയുടെ കുടുംബം ആരോപിക്കുന്നു. അശ്വതിയുടെ ആരോഗ്യസ്ഥിതി മറച്ചുവെച്ചെന്നും കുടുംബം പ്രതികരിച്ചു.
ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. എകരൂർ ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉള്ളേരിയിലെ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചതായിരുന്നു അശ്വതിയെ. ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്നലെ വൈകുന്നേരം മരണപ്പെടുകയായിരുന്നു. അതേസമയം ചികിത്സാ പിഴവില്ലെന്ന് അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജ് വിശദീകരിച്ചു. ബിപി കൂടിയതാണ് മരണകാരണമെന്നാണ് വിശദീകരണം.