സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.

തിങ്കളാഴ്ച പുലർച്ചെയാണ് അബ്ദുൾ ലത്തീഫ് മരിച്ചത്.

കല്പറ്റ: പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ  കരിപ്പൂർ കിളിനാട്ട് അബ്ദുൾ ലത്തീഫിന്റെ (45) സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾ ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന് മാടത്തൊടുക വീട്ടിൽ ജസ്ന (30), സഹോദരൻ ജംഷാൻ (26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് അബ്ദുൾ ലത്തീഫ് മരിച്ചത്.

 

മലപ്പുറത്ത് ഭാര്യയും കുട്ടികളുമുള്ള അബ്ദുൾ ലത്തീഫ് 2016-ലാണ് ജസ്നയെ വിവാഹം ചെയ്തത്. ഇടയ്ക്കിടെ പറളിക്കുന്നിലെ വീട്ടിൽവന്ന് ഇയാൾ താമസിക്കാറുമുണ്ട്. 2019-ൽ ഇവർ തമ്മിലുള്ള ബന്ധം വഷളായതായി പോലീസ് പറഞ്ഞു. അബ്ദുൾ ലത്തീഫ് മദ്യപിച്ച് വീട്ടിലെത്തി തർക്കമുണ്ടാക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി അബ്ദുൾ ലത്തീഫ് ജസ്നയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം കൈയാങ്കളിയിലെത്തി.

 

വിവരമറിഞ്ഞ് കല്പറ്റ പോലീസെത്തി അബ്ദുൾ ലത്തീഫിനെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കല്പറ്റ സി.ഐ. ടി.എ. അഗസ്റ്റിൻ, എസ്.ഐ. പി.ജെ. ജെയിംസ്, എ.എസ്.ഐ. കെ. ശിവശങ്കരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മരണത്തിനിടയാക്കിയത് കെട്ടിയിട്ടുള്ള അടിയും തൊഴിയും

അബ്ദുൾ ലത്തീഫിനെ ഭാര്യ ജസ്നയും സഹോദരനും ചേർന്ന് കൈയും കാലും കെട്ടിയിട്ടാണ് മർദിച്ചതെന്നാണ് പോലീസ് പറഞ്ഞു. ദേ‌ഹത്ത് വടികൊണ്ട് അടിച്ചതിന്‍റെയും കുത്തിയതിന്റെയും പാടുകളുണ്ട്. നെഞ്ചിന്റെ താഴ്ഭാഗത്തേറ്റ ചവിട്ടാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. അടുക്കളയിൽ വെച്ചാണ് ഇവർ അബ്ദുൾ ലത്തീഫിനെ മർദിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പോലീസ് സ്ഥലത്തെത്തുമ്പോൾ കൈകൾ കെട്ടിയിട്ട് മലർന്നു കിടക്കുന്ന നിലയിലായിരുന്നു ലത്തീഫ്. ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവശേഷം ജസ്നയും സഹോദരൻ ജംഷാനും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

 

അബ്ദുൾ ലത്തീഫ് ജസ്നയുടെ വീട്ടിലെത്തി തർക്കമുണ്ടാക്കുന്നത് പതിവായിരുന്നു. ജസ്നയുടെ അയൽവാസിയെ ഹെൽമെറ്റ് കൊണ്ട് അടിച്ചതിന് അബ്ദുൾ ലത്തീഫിന് നേരെ നേരത്തേ കല്പറ്റ പോലീസ് കേസെടുത്തിരുന്നു. അബ്ദുൾ ലത്തീഫിനെ മർദിച്ചതിന് ജസ്നയുടെ ബന്ധുക്കളുടെ പേരിലും നേരത്തേ കേസെടുത്തിരുന്നു. ഇതുകൂടാതെ മദ്യപിച്ചെത്തി ശല്യംചെയ്യുന്നുവെന്ന ജസ്നയുടെ പരാതിയിൽ കല്പറ്റ പോലീസ് അബ്ദുൾ ലത്തീഫിനെ താക്കീതു ചെയ്തുവിട്ടിരുന്നു.