എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ വകഭേദം; ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വണ്‍ ബി വകഭേദം.പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയില്‍ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ ഇടയാക്കിയത് ഈ വകഭേദമാണ്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു.
ദുബൈയില്‍നിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിയായ 38കാരനാണ് എംപോക്സ് ക്ലേഡ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്നവർ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.