ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു

കോഴിക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്.താമരശ്ശേരി കാരാടി പുത്തൻവീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്.

ദേശീയപാതയുടെ മധ്യത്തില്‍ രൂപപ്പെട്ട കുഴിയില്‍ ചാടി ബൈക്ക് മറിയുകയായിരുന്നു. കുഞ്ഞിമുഹമ്മദ്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സ്കൂള്‍ ബസിന്‍റെ ടയർ ഊരിത്തെറിച്ചു

പാലക്കാട് പെരിങ്ങോട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അല്‍ അമീൻ സെൻട്രല്‍ സ്കൂളിന്‍റെ ബസിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി.

പെരിങ്ങോട് ചാലിശ്ശേരി റോഡില്‍ ഇന്നലെ രാവിലെ 9:30 ഓടെയാണ് അപകടം. ബസ്സില്‍ 20 അധികം വിദ്യാർത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂള്‍ ബസ്സിന്റെ പിൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. തുടർന്ന് സ്കൂള്‍ അധികൃതർ ബസ്സിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷിതമായി മറ്റൊരു ബസ്സില്‍ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നെസ് കൊടുത്ത ബസ്സാണ്. എന്താണ് സംഭവിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കും.