മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കല്‍; എംഎം ലോറൻസിൻ്റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം, അറിയിപ്പ്

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ നാളെ ഹാജരാകാനാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിൻസിപ്പല്‍, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്നാണ് മകള്‍ ആശ ആവശ്യപ്പെടുന്നത്.

ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹംഇന്നലെ നാല് മണിക്ക് തന്നെ മെഡിക്കല്‍ കോളേജിന് കൈമാറി. എന്നാല്‍ ഇത് മകളും ചെരുമകനും തടഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ബന്ധുക്കളും പൊലീസും ഇവരെ പിടിച്ചുമാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുപോയത്.

ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎല്‍ സജീവൻ പ്രതികരിച്ചത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.