മാസങ്ങളായി ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ; നാടൊന്നാകെ അവള്‍ക്കായി സ്നേഹംചൊരിഞ്ഞു; ഹൃദയം തകര്‍ത്ത് ആഷ്ന മടങ്ങി

മണ്ണഞ്ചേരി: നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് അഷറഫിന്‍റെ മകള്‍ ആഷ്ന (19) ആണ് ഇൻഫ്ലമേറ്ററി ബവല്‍ സിൻഡ്രം രോഗം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.ഇന്ന് ഉച്ചയോടെയായിരുന്നനു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആഷ്ന ചികിത്സയിലായിരുന്നു.

വൻകുടല്‍ ചുരുങ്ങി പഴുത്ത് വൃണമായി ഗുരുതരാവസ്ഥയിലായതോടെ ആഷ്നയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മാസങ്ങളായി ജീവൻ നിലനിർത്താൻ പോലും ഭക്ഷണം കഴിക്കാൻ സാധിക്കാതിരുന്നതിനാല്‍ ആസിഡ് ക്രമാതീതമായി വർധിച്ച്‌ രക്തത്തില്‍ കലർന്നും കരളിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചും രോഗം കൂടുതല്‍ ഗുരുതരമാകുകയായിരുന്നു.

ഓഗസ്റ്റ് 31 നാണ് ആഷ്നയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിർധന കുടുംബത്തെ സഹായിക്കാൻ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ സമിതിക്ക് രൂപം കൊടുത്ത് ധനസമാഹരണം നടത്തി വരികയായിരുന്നു.

വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചും പഞ്ചായത്തിലെ മൂന്നു മുതല്‍ ഏഴ് വരെ വാർഡുകളിലും 17 മുതല്‍ 22 വരെ വാർഡുകളിലുമാണ് ധന സമാഹരണം നടത്തിയത്. ടിടിസി കോഴ്സിന് തയാറെടുത്തിരുന്ന ആഷ്നയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ നാട് ഒന്നാകെയാണ് കൈകോർത്തത്. നാടിനെയാകെ ദുഖത്തിലാഴ്ത്തിയാണ് അഷ്നയുടെ മടക്കം. റഹ്മത്താണ് മാതാവ്. സഹോദരൻ അഷ്ക്കർ.