ദില്ലി എയര്‍പോര്‍ട്ടില്‍ ബഗ്ഗി റൈഡ് നടത്തി കോലിയും ഗംഭീറും പന്തും! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്

കാണ്‍പൂര്‍: ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകള്‍ രണ്ടാം ടെസ്റ്റിനായി കാണ്‍പൂരിലെത്തി. താരങ്ങള്‍ക്ക് വിമാനത്താവളത്തിലും ഹോട്ടലിലും സ്വീകരണം നല്‍കി.വെള്ളിയാഴ്ചയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. കാണ്‍പൂരില്‍ സമനില നേടിയാലും ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം. പരമ്ബരയില്‍ തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ജയം അനിവാര്യം.

ചെന്നൈ ടെസ്റ്റിലെ ജയത്തിന് ശേഷം ദില്ലിയിലേക്ക് പോയ കോച്ച്‌ ഗൗതം ഗംഭീറും വിരാട് കോലിയും റിഷഭ് പന്തും കാണ്‍പൂരിലെത്തി. ഗൗതം ഗംഭീറും വിരാട് കോലിയും റിഷഭ് പന്തും ഒരുമിച്ചാണ് ടീം ഹോട്ടലില്‍ എത്തിയത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ മൂവരും ബഗ്ഗി റൈഡ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം, കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ച്‌ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര തൂത്തൂവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനം മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ തടസപ്പെടുത്തിയാല്‍ രണ്ടാം ടെസ്റ്റും ജയിച്ച്‌ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ മുന്നേറാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കും തിരിച്ചടിയാവും. നിലവില്‍ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്ബര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് രണ്ടാ ടെസ്റ്റില്‍ സമനില നേടിയാലും അത് വലിയ നേട്ടമാണ്.

കറുത്ത പിച്ച്‌

കാണ്‍പൂരില്‍ ചുവന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ച്‌ കളി പുരോഗമിക്കുന്തോറും കറുത്ത നിറമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്നും ഉറപ്പായി. ചെന്നൈയിലേതുപോലെ നാലു ദിവസവും പേസര്‍മാര്‍ക്ക് പേസും ബൗണ്‍സും കിട്ടിയ പിച്ചുപോലെയായിരിക്കില്ല കാണ്‍പൂരിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു അധിക സ്പിന്നറെ കൂടി കളിപ്പിക്കാന്‍ സാധ്യതയേറി.