സിബില്‍ സ്കോറില്ല, ഇഎംഐയില്‍ ഫോണ്‍ വാങ്ങാൻ ചെറിയൊരു സഹായം; ഇരുപതോളം പരിചയക്കാരെ വെള്ളംകുടിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: പരിചയക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍.തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാൻ വിള തെക്കേമഠവിളാകം വീട്ടില്‍, അജി എന്ന് വിളിക്കുന്ന അജീഷിനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.

പരിചയക്കാരുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിങ്ങനെയുള്ള വാങ്ങിയ ശേഷം അത് ഉപയോഗിച്ച്‌ തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇരുപതോളം പേരില്‍ നിന്നും ഇങ്ങനെ രേഖകള്‍ വാങ്ങി തട്ടിപ്പ് നടത്തി. അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിനിരയായവർ ഇപ്പോള്‍ വാങ്ങാത്ത ഫോണിന് മാസംതോറും ഇഎംഐ ഗതികേടിലായി.

അയല്‍വാസികളും പരിചയക്കാരുമായ ആളുകളെ പറഞ്ഞു പറ്റിച്ച്‌ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ നെയ്യാറ്റിൻകരയിലെ ഒരു മൊബൈല്‍ കടയില്‍ നല്‍കിയാണ് ഫോണുകള്‍ വാങ്ങിയത്. തനിക്ക് ഫോണ്‍ ഇല്ലെന്നും അതുകൊണ്ട് വായ്പ അടിസ്ഥാനത്തില്‍ ഫോണ്‍ എടുക്കാൻ രേഖകള്‍ നല്‍കിയാല്‍ താൻ തന്നെ കൃത്യമായി പണം തിരിച്ചടച്ചുകൊള്ളാമെന്നും പറഞ്ഞാണ് അജീഷ് അയല്‍ക്കാരെ സമീപിച്ചത്. അയല്‍വാസികളായ ഇരുപതോളം പേരെ പാറശ്ശാലയില്‍ മാത്രം പറ്റിച്ചുവെന്നാണ് ഇപ്പോഴത്തെ വിവരം.

സിബില്‍ സ്കോർ കുറവായതിനാല്‍ തന്റെ പേരില്‍ ഇഎംഐ ആയി ഫോണ്‍ വാങ്ങാൻ കഴിയുന്നില്ലെന്നാണ് എല്ലാവരോടും പറഞ്ഞത്. രേഖകള്‍ നല്‍കാൻ തയ്യാറായ അയല്‍ക്കാരെ ഓരോരുത്തരായി നെയ്യാറ്റിൻകരയിലെ കടയില്‍ പല ദിവസങ്ങളിലായി കൊണ്ടുവന്ന് ഫോണുകള്‍ വാങ്ങുകയായിരുന്നു. 20,000 രൂപ മുതല്‍ 90,000 രൂപവരെ വില വരുന്ന ഫോണുകളാണ് ഇവരെ കൊണ്ട് വാങ്ങിപ്പിച്ചത്. അയല്‍വാസികള്‍ ആരും ഇത് പരസ്പരം പറഞ്ഞതുമില്ല.

ദിവസങ്ങള്‍ കഴി‌ഞ്ഞും ഇഎംഐ അടയ്ക്കാതെ വന്നപ്പോള്‍ പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവർ അയല്‍ക്കാരെ സമീപിച്ചതോടെയാണ് നടന്നത് തട്ടിപ്പായിരുന്നുവെന്ന് അവർ അറിയുന്നത്. നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സില്‍ പ്രവർത്തിക്കുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ സഹായത്തോടെയാണ് ഒരുപാട് പേരെ പറ്റിച്ചതെന്നും എന്നാല്‍ മൊബൈല്‍ ഷോപ്പ് ഉടമകളുടെ പേരില്‍ കേസെടുത്തില്ലെന്നും കബളിപ്പിക്കപ്പെട്ടവർ ആരോപിക്കുന്നു.

തട്ടിപ്പ് നടത്തിയ അജീഷിനെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയെങ്കിലും അയല്‍ക്കാരെയും പരിചയക്കാരെയും കബളിപ്പിച്ച്‌ ഇയാള്‍ വാങ്ങിക്കൂട്ടിയ ഫോണുകള്‍ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പൊലീസ് തയ്യാറാവുന്നില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം. ഫോണുകള്‍ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.