മുക്കുപണ്ടം പണയംവെച്ച്‌ 6.5 ലക്ഷം തട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍

കോഴഞ്ചേരി: കടമ്മനിട്ട കല്ലേലിമുക്കില്‍ പ്രവർത്തിക്കുന്ന താഴെയില്‍ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയ കേസില്‍ ഒന്നാം പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയില്‍ വീട്ടില്‍ ലാലു വർഗീസാണ് (63) പിടിയിലായത്. രണ്ടും മൂന്നും പ്രതികള്‍ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്.

സ്ഥാപനത്തിലെ ലിറ്റിഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലില്‍ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ആകെ നാല് പ്രതികളാണ് ഉള്ളത്.

നാലുതവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകള്‍ സ്വർണാഭരണമാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്‌ പണയംവെച്ചശേഷം ആകെ 6,46,900 രൂപയാണ് ലാലു വർഗ്ഗീസ് കബളിപ്പിച്ച്‌ എടുത്തത്.

രണ്ടും മൂന്നും പ്രതികള്‍ ചേർന്നാണ് ഇയാളില്‍ നിന്നും വളകള്‍ സ്വീകരിച്ച്‌ ഇത്രയും പണം നല്‍കിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തില്‍ പരിചയപ്പെടുത്തിയത്. ഈവർഷം ഏപ്രില്‍ 29 മുതലാണ് തട്ടിപ്പ് നടന്നത്. മേയ് 14ന് ഒടുവിലായിവെച്ച പണയം ജൂലൈ 10 ന് പുതുക്കിവെക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

എസ്.ഐ അലോഷ്യസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ ഓഡിറ്റ് റിപ്പോർട്ട്‌ ലിറ്റിഗേഷൻ ഓഫീസർ ഹാജരാക്കി. തുടർന്ന് ലാലുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഒരു പരിചയക്കാരൻ പത്തനംതിട്ടയില്‍ വെച്ച്‌ പണയംവെക്കാൻ മുക്കുപണ്ടങ്ങള്‍ ഏല്‍പ്പിച്ചതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പണയമുതലുകള്‍ പ്രതിയുമായി സ്ഥാപനത്തില്‍ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ, സമാന രീതിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം നടന്നുവരികയാണ്. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണ്‍, എസ്.ഐ സന്തോഷ്‌, സി.പി.ഓമാരായ പ്രദീപ്, സെയ്ഫ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.