ആഴങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകള്‍, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങള്‍; വിളിപ്പുറത്തുണ്ട് നിഷാദ്

ഷൊർണൂർ: വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ മുങ്ങിയെടുക്കുന്നതിനും ഷൊർണൂരുകാർക്കൊരു നിഷാദുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ പൊലീസും അഗ്നിരക്ഷാസേനയും ആദ്യം വിളിക്കുന്നതും നിഷാദിനെയാണ്. ഇതിനകം നിഷാദ് ഭാഗമായിട്ടുള്ള രക്ഷാപ്രവർത്തനങ്ങള്‍ നിരവധിയാണ്.

ഷൊർണൂരില്‍ തിരക്കുള്ള പാതയോരം, പെട്ടി ഓട്ടോറിക്ഷയില്‍ ഐസ്ക്രീം വില്‍പനയുടെ തിരക്കിലാണ് നിഷാദ്. ഓട്ടോറിക്ഷയ്ക്ക് ചുറ്റും കാറ്റുനിറച്ച ട്യൂബ്, കയ൪, ലൈഫ് ജാക്കറ്റ്, ബെല്‍റ്റ്, ലോക്ക് കയ൪. എപ്പോഴാണ് രക്ഷയ്ക്കായി ഒരു വിളി വരുന്നത് എന്നറിയില്ലല്ലോ. കച്ചവടത്തിരക്കിനിടയില്‍ ഫോണ്‍ കോളെത്തിയാല്‍ ഐസ്ക്രീം വില്‍പന നിർത്തി വെക്കും. പെട്ടി പൂട്ടി ഓട്ടോറിക്ഷയുമായി നിഷാദ് അവിടേക്ക് കുതിച്ചെത്തും.

എട്ടു വ൪ഷം. കയങ്ങളില്‍ നിന്ന്, ചുഴികളില്‍ നിന്ന്, ആഴങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 30 ലധികം ജീവനുകള്‍. മുങ്ങിയെടുത്തത് 90 മൃതദേഹങ്ങള്‍. വെള്ളത്തിനടിയിലെ സാഹസികത നിഷാദിന് വിനോദമല്ല, സമൂഹത്തോടുള്ള കടപ്പാടാണ്- “വീട്ടിലൊരാളെ നഷ്ടപ്പെട്ടാല്‍ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. അതാലോചിക്കുമ്ബോള്‍ എടുത്തുചാടും. ഒന്നും നോക്കാറില്ല”

രക്ഷാപ്രവ൪ത്തനവും തിരച്ചിലും ഇനി വേഗത്തിലാക്കണം. അതിന് സ്കൂബ ഡൈവിംഗ് ട്രെയിനിംഗിന് പോകണം എന്നാണ് ആഗ്രഹമെന്ന് നിഷാദ് പറഞ്ഞു.