സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍. മുസ്ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണെന്നാണ് ജലീലിന്റെ വിശദീകരണം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ആ മതവിഭാഗത്തില്‍ നിന്നുതന്നെ എതിര്‍പ്പുയരണം. യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാതെ മലപ്പുറം പ്രേമികള്‍ എന്ത് പരിഷ്‌കരണമാണ് ആഗ്രഹിക്കുന്നതെന്നും ജലീല്‍ ചോദിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം നാമധാരികളാണെന്നായിരുന്നു ജലീലിന്റെ പ്രസ്താവന. തെറ്റ് ചെയ്യുന്നത് ഏത് മതവിഭാഗങ്ങളായാലും അതിനെ എതിര്‍ക്കണമെന്ന് ജലീല്‍ പറയുന്നു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്. ഇതര മതസ്ഥര്‍ കാണിക്കുന്ന കുല്‍സിത നീക്കങ്ങളായി അത്തരം ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ. മലപ്പുറത്തിന്റെ അപകീര്‍ത്തി മാറാന്‍ സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന പ്രസ്താവന വിവാദമായതിലായിരുന്നു ജലീലിന്റെ വിശദീകരണം.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന വിമര്‍ശനം ജലീല്‍ ആവര്‍ത്തിച്ചു. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്എന്ന് കെടി ജലീല്‍ ചോദിച്ചു. സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ‘ഇതൊന്നും മതവിരുദ്ധമല്ല’ എന്നാണ് എന്നും കെടി ജലീല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.