ഹരിയാന ഉറപ്പിച്ച്‌ കോണ്‍ഗ്രസ്; ജമ്മുകാശ്‌മീരില്‍ അണിയറ നീക്കം

ന്യൂ ഡല്‍ഹി: ഇന്ന് ഫലം വരാനിരിക്കെ, എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബ് ഹരിയാനയില്‍ മന്ത്രിസഭാ ചർച്ചകള്‍ സജീവമാക്കി.

സർവെ ഫലങ്ങള്‍ തള്ളുന്ന ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.

അതേസമയം, ജമ്മുകാശ്‌മീരില്‍ ആർക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഭരണം പിടിക്കാനുള്ള നീക്കവും മുന്നണികള്‍ ഊർജ്ജിതമാക്കി.

പത്തു വർഷത്തിന് ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് ജയിച്ചാല്‍, അത് രാഹുല്‍ ഗാന്ധിക്ക് കിട്ടുന്ന ജനപിന്തുണയായി കോണ്‍ഗ്രസ് ഉയർത്തിക്കാട്ടും. പ്രത്യേകിച്ച്‌, പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് പാർട്ടി നടത്തി നില്‍ക്കെ.

ബി.ജെ.പി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, ജെ.ജെ.പി, ഐ.എല്‍.എൻ.ഡി തുടങ്ങിയ ചെറു പാർട്ടികളുടെ വിശ്വാസ്യതയില്‍ ഇടിവ് എന്നിവയാണ് കോണ്‍ഗ്രസിന് അനുകൂലമാകുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുടെ വോട്ട് വിഹിതം 2019ലെ 15 ശതമാനത്തില്‍ നിന്ന് 1-2 ശതമാനമായി കുറയുമെന്നും അത് തുണയ്ക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു.

എന്നാല്‍ ഒ.ബി.സി, ബ്രാഹ്മണർ, സെയ്നി വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ജാട്ട് വോട്ടുകളില്‍ ചോർച്ച അവർ പ്രതീക്ഷിക്കുന്നു. എല്ലാത്തിനുമുള്ള ഉത്തരം ഇന്നു രാവിലെ ഫലപ്രഖ്യാപനത്തോടെ കിട്ടും.

ജമ്മുകാശ്‌മീരില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പി.ഡി.പി അടക്കം പാർട്ടികളെ ഒപ്പംകൂട്ടാൻ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറൻസ് സഖ്യം നീക്കം തുടങ്ങി. ‘ഇന്ത്യ’ മുന്നണി ഘടകകക്ഷിയായ പി.ഡി.പി ഒറ്റയ്‌ക്ക് മത്സരിച്ചെങ്കിലും സർക്കാർ രൂപീകരണത്തില്‍ സഹകരിച്ചേക്കും. ജെ.കെ.പി.പി, പാന്തേഴ്സ് പാർട്ടി, അവാമി ഇത്തിഹാദ്, അവാമി നാഷണല്‍ കോണ്‍ഫറൻസ് പാർട്ടി, സ്വതന്ത്രർ തുടങ്ങിയവരെയും സമീപിച്ചേക്കാം.

ഹൂഡയ്ക്ക് സാദ്ധ്യത;

പാരയായി സെല്‍ജ

 പ്രധാന നീക്കങ്ങള്‍ മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ കേന്ദ്രീകരിച്ച്‌

 കുമാരി സെല്‍ജ, രണ്‍ദീപ് സുർജെവാല എന്നിവർ തലമുറ മാറ്റമാവശ്യപ്പെടുന്നു

 എം.എല്‍.എമാരുടെ അഭിപ്രായം പ്രധാനമെന്ന് ഹൂഡ

 സെല്‍ജയെ വശത്താക്കാൻ ബി.ജെ.പി പിന്നാലെ

കാശ്മീരില്‍ 5 നോമിനേറ്റഡ്

അംഗങ്ങള്‍ നിർണായകം

90 അംഗ നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെടുന്ന എം.പിമാരെക്കൂടാതെ ലെഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് അംഗങ്ങളെ നോമിനേറ്റ് ചെയ്യാം. വോട്ടവകാശമുണ്ട് ഇവർക്ക്. ഇതോടെ അംഗബലം 95 ആകും. സഭയില്‍ കേവല ഭൂരിപക്ഷം 48മാകും. ബി.ജെ.പിക്ക് ശരാശരി 30 സീറ്റാണ് പ്രവചിക്കുന്നത്.