രഞ്ജി നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് അടിതെറ്റി, ബറോഡയ്ക്ക് ജയം; ശ്രേയസും രഹാനെയും നിരാശപ്പെടുത്തി
അഹമ്മദാബാദ്: രഞ്ജി ട്രോഫി നിലവിലെ ചാംപ്യന്മാരും ഇറാനി കപ്പ് ജേതാക്കാളുമായ മുംബൈക്ക് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി.രഞ്ജിയില്‍ ബറോഡയ്ക്കെതിരായ മത്സരത്തില്‍ 84 റണ്‍സിനാണ് മുംബൈ തോറ്റത്. 282 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ അവസാന ദിനം 177ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ ഭാര്‍ഗവ് ഭട്ടാണ് മുംബൈയെ തകര്‍ത്തത്. സ്കോര്‍: ബറോഡ 290, 185 & മുംബൈ 214, 177.
മുംബൈക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ പേരെടുത്ത താരങ്ങളെല്ലാം ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. പൃഥ്വി ഷാ (12), അജിന്‍ക്യ രഹാനെ (12), ശ്രേയസ് അയ്യര്‍ (30) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ആയുഷ് മാത്രെ (22), ഹര്‍ദിക് തമോറെ (6), സിദ്ധേഷ് ലാഡ് (59), ഷംസ് മുലാനി (12), ഷാര്‍ദുള്‍ താക്കൂര്‍ (8), തനുഷ് കൊട്ടിയാന് (1), മോഹിത് അവാസ്തി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹിമാന്‍ഷു സിംഗ് (1) പുറത്താവാതെ നിന്നു.
നേരത്തെ, ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയുടെ (55) ഇന്നിംഗ്സാണ് ആവശ്യമായ ലീഡ് നല്‍കിയിരുന്നത്. മഹേഷ് പിതിയ (40) നിര്‍ണായക പിന്തുണ നല്കി. മുംബൈക്ക് വേണ്ടി കൊട്ടിയാന് അഞ്ച് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ മിതേഷ് പട്ടേല്‍ (86), അതിദ് ഷേഥ് (66) എന്നിവരാണ് ബറോഡയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. കൊട്ടിയാന് നാല് വിക്കറ്റുണ്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ മുംബൈ 214ന് പുറത്താവുകയായിരുന്നു. തുടര്‍ന്ന് മുംബൈ 214ന് പുറത്തായി. ആയുഷ് മാത്രെയാണ് (52) ടോപ് സ്കോറര്‍. പൃഥ്വി ഷാ (7), രഹാനെ (29), ശ്രേയസ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു.
മറ്റൊരു മത്സരത്തില്‍ തമിഴ്നാട്, സൗരാഷ്ട്രയെ തോല്‍പ്പിച്ചു. ഇന്നിംഗ്സിനും 70 റണ്‍സിനുമായിരുന്നു തമിഴ്നാടിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 203 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ തമിഴ്നാട് 367 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനെത്തിയ സൗരാഷ്ട്ര 74ന് പുറത്താവുകയായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ചേതേശ്വര്‍ പൂജാര ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ റണ്‍സൊന്നുമെടുക്കാതെയും പുറത്തായിരുന്നു.