നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ.

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ.

നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൌർഭാഗ്യകരവുമായ സംഭവമാണുണ്ടായത്. മരണത്തില്‍ ഗൌരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ലഭ്യമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയില്‍ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച്‌ ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളില്‍ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തില്‍ കെ രാജൻ പറഞ്ഞു.

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനില്‍ പോകേണ്ടതായിരുന്നു. ഇന്നലെ എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്.