‘ഫൈവ് സ്റ്റാര്‍ ഡക്ക്’, 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം; നാട്ടില്‍ നാണക്കേടിന്‍റെ പടുകുഴിയില്‍ ഇന്ത്യ
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ കുറിച്ചത് 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ മോശം റെക്കോര്‍ഡ്.ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ കളിച്ച 293 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ഇതാദ്യമായാണ് നാട്ടില്‍ കളിക്കുമ്ബോള്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ 50 പോലും കടക്കാതിരിക്കുന്നത്. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 75 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു നാട്ടില്‍ ഇതിന് മുമ്ബത്തെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം.
2008ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 76 റണ്‍സിനും 1999ല്‍ മൊഹാലിയില്‍ ന്യൂസിലന്‍ഡിനെതിരെ 83 റണ്‍സിനും 1965ല്‍ മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെ തന്നെ 88 റണ്‍സിനും തകര്‍ന്നടിഞ്ഞതായിരുന്നു നാട്ടില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മറ്റ് മോശം പ്രകടനങ്ങള്‍. നാലു വര്‍ഷം മുമ്ബ് അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍.
ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായത് കഴിഞ്ഞാല്‍, 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 42 റണ്‍സിനും 1947ല്‍ ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ 58 റണ്‍സിനും 1952ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ 58 റണ്‍സിനും 1996ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഡര്‍ബനില്‍ 66 റണ്‍സിനും ഓള്‍ ഔട്ടായതാണ് വിദേശത്തെ ഇന്ത്യയുടെ മോശം പ്രകടനങ്ങള്‍.
ഇതിന് പുറമെ 1888നുശേഷം ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും പൂജ്യത്തിന് പുറത്താവുന്നത്.1888ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ടോപ് 8 ബാറ്റര്‍മാരില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായതായിരുന്നു അവസാന സംഭവം. ഏഷ്യന്‍ ടീമുകളില്‍ ഇന്ത്യക്ക് മാത്രമാണ് ഈ നാണംകെട്ട റെക്കോര്‍ഡുള്ളത്.
ഇതിന് പുറമെ വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സംപൂജ്യരായി പുറത്തായതോടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി നാട്ടില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് സെവനില്‍ നാലു പേര്‍ പൂജ്യത്തിന് പുറത്തായെന്ന നാണക്കേടും പേരിലായി. 1999ലെ മൊഹാലി ടെസ്റ്റിനുശേഷം ആദ്യമായാണ് ന്യൂസിലന്‍ഡിനെതിരായ ഒരു ടെസ്റ്റില്‍ അഞ്ച് ഇന്ത്യൻ താരങ്ങള്‍ അക്കൗണ്ട് തുറക്കാതെ മടങ്ങുന്നത്.