നവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും,കൂടുതല്‍ അന്വേഷണത്തിന് സാധ്യത
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും.
കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എൻഒസി നല്കുന്നതില് നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് നിരന്തരം വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പി പി ദിവ്യക്കെതിരെ നടപടിയെടുക്കാനും പാർട്ടി നിർബന്ധിതരാണ്. പാർട്ടി അംഗമായ പി പി ദിവ്യക്കെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതോടെ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാൻ വൈകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാകും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളന കാലത്തെ ഈ അസാധാരണ നടപടി.