പിഎം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിൻസിപ്പല്‍

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ.എന്നാല്‍ ദീ‍ർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതർ. ആർഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിൻസിപ്പല്‍ നോട്ടീസ് നല്‍കിയത്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആ‍‍ര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നല്‍കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

എക്സിറ്റ് പോള്‍ ഒപ്ഷനെടുത്താലും ആർഷോയെ ബിരുദം നല്‍കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് സർവ്വകലാശാല യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്.