കെഎസ്‌ആര്‍ടിസി ഡിപ്പോക്ക് നേരെ കല്ലേറ്; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം
മലപ്പുറം: നിലമ്ബൂരില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. വണ്ടൂർ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിർ കല്ലായി എന്ന 50 കാരനാണ് മർദ്ദനമേറ്റത് മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്.നിലമ്ബൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ പഴയ എടിഎം കൗണ്ടറിന് നേരെ കല്ലെറിയുകയായിരുന്ന അക്രമിയെ തടയാൻ ശ്രമിക്കുകയായിരുന്നു ഹാസിര്‍. തുടര്‍ന്ന് അക്രമി ഹാസിറിനെ ആക്രമിച്ചു. സംഭവം കണ്ട് ആളുകള്‍ ഓടി എത്തിയത്തോടെ അക്രമി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഹാസിറിനെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗ്ലാസ് പൊട്ടുന്നതിന്‍റെ ശബ്ദം കേട്ട് ചെന്നുനോക്കിയതാണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ഹാസിര്‍ കല്ലായി പറഞ്ഞു. ഡിപ്പോയിലെ എടിഎം കൗണ്ടറിന്‍റെ ഗ്ലാസ് പൊട്ടിയ ശബ്ദം കേട്ടാണ് അങ്ങോട്ട് പോയത്. ബസിനുനേരെ കല്ലെറിയുന്നത് തടയാനാണ് ശ്രമിച്ചത്. വണ്ടിക്ക് കല്ലെറിയരുതെന്ന് പറഞ്ഞ് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പിന്നീട് തട്ടിക്കയറുകയും മര്‍ദിക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. മുഖത്ത് അടിക്കുകയായിരുന്നു. കണ്ണട പൊട്ടിപോവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ആളുകള്‍ എത്തിയപ്പോഴേക്കും ഓടിപ്പോവുകയായിരുന്നുവെന്നും ഹാസിര്‍ പറഞ്ഞു.