ഓഫീസ് പൂട്ടുന്നതിനിടെ കയ്യിലൊരു മുറിവ്, നോക്കിയപ്പോള്‍ പാമ്ബ്; സര്‍ക്കാര്‍ ജീവനക്കാരന് പാമ്ബ് കടിയേറ്റു
മലപ്പുറം: ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്ബുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്.ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ വെച്ചാണ് ജീവനക്കാരന് പാമ്ബുകടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കില്‍നിന്ന് പാമ്ബുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്ബുപിടിത്തക്കാരനെ എത്തിച്ച് പാമ്ബിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെൻ ട്രിൻകറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്ബാണെന്ന് വിദഗ്ധർ പറഞ്ഞു.
ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടങ്ങള്‍. ഇത് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം മേല്‍ക്കൂര തകർന്ന് അപകടാവ സ്ഥയിലാണ്. നാല് ദിവസം മുമ്ബ് പരിസരത്ത് അണലിയെ കണ്ടതായും പറയുന്നു. പത്ത് ദിവസം മുമ്ബ് സമീപത്ത് പെരുമ്ബാമ്ബിനെ കാണുകയും ആളുകളെ കണ്ട പാമ്ബ് കെട്ടിടത്തിനകത്തേക്ക് കയറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.
കലക്ടർ ഇടപെട്ട് പാമ്ബിനെ പിടികൂടാൻ പാമ്ബ് പിടുത്തക്കാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കെട്ടിടത്തിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുമ്ബോള്‍ ജീർണിച്ച മേല്‍ക്കൂരയുടെയും ഭിത്തിയുടെയും ഭാഗങ്ങള്‍ അടർന്ന് വീണ് അപകട ഭീഷണിയുള്ളതിനാല്‍ അകത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ച് പോവുകയായിരുന്നു. പരിസരത്ത് തന്നെ ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗവ. താലൂക്ക് ആശുപത്രി, ടീച്ചേഴ്സ് ട്രൈനിങ് സെന്റർ, സ്കൗട്ട് ഹാള്‍, മസ്ജിദ് എന്നി വയുമുണ്ട്. ജനസാന്ദ്രത ഏറെയുള്ള പ്രദേശത്ത് ആയിരക്കണക്കിന് വിദ്യാർഥികള്‍ക്കും ജീവനക്കാർക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കി ആശങ്കയകറ്റണമെന്ന ആവശ്യം ശക്തമാണ്.