സുഹൃത്തിനെ കാണാനില്ല, അര്‍ദ്ധരാത്രി യുവാവിന്റെ ഫോണ്‍, മെസേജും കൈമാറി; പൊലീസിന്റെ ചടുലനീക്കത്തില്‍ ജീവിതത്തിലേക്ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് കോഴിക്കോട്ടെ നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു യുവാവിന്റെ സന്ദേശം എത്തിയത്.33 വയസ്സുകാരനും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ തന്റെ സുഹൃത്തിനെ കാണാനില്ലെന്നായിരുന്നു സഹായം തേടിയ ആളുടെ ആശങ്ക. അതിലുമപ്പുറം താൻ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് കാണിച്ച്‌ സുഹൃത്ത് ഒരു സന്ദേശവും അയച്ചിരുന്നു. ഇതും പൊലീസിന് കൈമാറി. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കണമെന്നായിരുന്നു യുവാവിന്റെ അഭ്യർത്ഥന.

നടക്കാവ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐ ലീല വേലായുധനും സംഘവും പിന്നീട് നടത്തിയത് ദ്രുതഗതിയിലുള്ള നീക്കങ്ങളായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണാതായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുതിരവട്ടം പരിസരത്ത് എത്തിയെന്ന് വളരെ വേഗം പൊലീസ് കണ്ടെത്തി. എന്നാല്‍ ഇവിടങ്ങളിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് കുതിരവട്ടത്തു തന്നെയുള്ള മൈലമ്ബാടി അറ്റ്മോസ് ലോഡ്ജിന്റെ റിസപ്ഷനില്‍ പൊലീസ് സംഘം അന്വേഷിച്ചെത്തി. യുവാവിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെ റൂം എടുത്തിട്ടുണ്ടെന്ന് ബോധ്യമായി. മുറിയുടെ പുറത്തെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ് സംഘം അകത്തു കയറി. ആത്മഹത്യ ചെയ്യാനായി കയര്‍ കുരുക്കിയിട്ട നിലയിലായിരുന്നു യുവാവിനെ പൊലീസ് സംഘം കണ്ടത്.

കാര്യങ്ങള്‍ സംസാരിച്ച്‌ യുവാവിനെ ആശ്വസിപ്പിച്ച പോലീസ് സംഘം ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയക്കുകയും ചെയ്തു. കോഴിക്കോട് എമറാള്‍ഡ് മാളില്‍ ജോലി ചെയ്തിരുന്ന യുവാവിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ അനീഷ് ബാബു, അബ്ദുല്‍ സമദ്, ഷജല്‍ ഇഗ്നേഷ്യസ് എന്നിവരും യുവാവിനായുള്ള അന്വേഷണത്തില്‍ പങ്കെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)