ഇരട്ടിപ്രഹരശേഷി, എന്നിട്ടും സഞ്ജുവിന് പകരം റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ എങ്ങനെ പിന്തുണച്ചുവെന്ന് പൊള്ളോക്ക്

ജൊഹാനസ്ബർഗ്: തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയില്‍ രണ്ടാം സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ താരങ്ങള്‍.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട20യില്‍ തന്‍റെ രണ്ടാം സെഞ്ചുറി നേടിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച റിഷഭ് പന്തുമായി താരതമ്യം ചെയ്തതും ശ്രദ്ധേയമായി.

കരിയറില്‍ 76 ടി20 മത്സരങ്ങള്‍ കളിച്ച റിഷഭ് പന്തിന് ഒരു സെഞ്ചുറി പോലും ഇതുവരെ നേടാനായിട്ടില്ല. എന്നാല്‍ റിഷഭ് പന്തിന്‍റെ പകുതി മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ മൂന്ന് സെഞ്ചുറികള്‍ നേടി. അതും അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍. റിഷഭ് പന്തില്‍ ഇരട്ടിപ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്നത് രണ്ട് കണ്ണും തുറന്നു കാണുന്ന ആര്‍ക്കും മനസിലാവും. എന്നിട്ടും സെലക്ടര്‍മാര്‍ എങ്ങനെ റിഷഭ് പന്തിനെ പിന്തുണച്ചുവെന്നായിരുന്നു പൊള്ളോക്ക് കമന്‍ററിയില്‍ പറഞ്ഞത്.

ടി20 ക്രിക്കറ്റില്‍ 76 മത്സരങ്ങള്‍ കളിച്ച റിഷഭ് പന്ത് 23.25 ശരാശരിയില്‍ 1209 റണ്‍സടിച്ചപ്പോള്‍ 127.4 മാത്രമാണ് പ്രഹരശേഷി. മൂന്ന് അര്‍ധസെഞ്ചുറികളാണ് ഇതുവരെ പന്ത് നേടിയത്. എന്നാല്‍ 37 ടി20 മത്സരങ്ങള്‍ കളിച്ച സഞജുവാകട്ടെ 155.2 പ്രഹരശേഷിയില്‍ മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 810 റണ്‍സടിച്ചു. ടി20 ക്രിക്കറ്റില്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാര്‍ യാദവ് നാലു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും 78 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായിരുന്നിട്ടും അ‍ഞ്ച് സെഞ്ചുറികള്‍ തികയ്ക്കാന്‍ 159 മത്സരങ്ങള്‍ കളിച്ചിരുന്നു. സൂര്യ കളിച്ചതിന്‍റെ പകുതിയും രോഹിത് കളിച്ചതിന്‍റെ അഞ്ചിലൊന്ന് മത്സരവും കളിച്ചാണ് സഞ്ജു റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതെന്നും എന്നിട്ടും സഞ്ജുവിന്‍റെ സ്ഥിരതയാണ് ചിലര്‍ക്ക് പ്രശ്നമെന്നും ആരാധകര്‍ പറയുന്നു.

ഒന്നുകില്‍ സെഞ്ചുറി അല്ലെങ്കില്‍ പൂജ്യം എന്ന മനോഭാവം സഞ്ജുവിനെ പുതിയ കാലത്തെ വീരേന്ദര്‍ സെവാഗ് ആക്കുന്നുവെന്നാണ് ആരാധകരും പറയുന്നത്. ഇന്ത്യൻ ടീമിലെ ട്രാവിസ് ഹെഡാണ് സഞ്ജുവെന്നും ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നു.